SUNNY JOSEPH MLA| കേരള തീരത്തെ തുടര്‍ച്ചയായ കപ്പല്‍ അപകടങ്ങളില്‍ ദുരൂഹത; സര്‍ക്കാര്‍ അനാസ്ഥക്കെതിരെ ജൂണ്‍ 11ന് കോണ്‍ഗ്രസ് പ്രതിഷേധം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
June 10, 2025
1 min read
•
Updated: June 29, 2026
കേരള തീരത്ത് തുടര്‍ച്ചയായുണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ജൂണ്‍ 11 ബുധനാഴ്ച സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
കൊച്ചി തീരത്തോട് ചേര്‍ന്ന് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ എംഎസ്സി എല്‍സ-3 എന്ന കുത്തക കപ്പല്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയാണ്. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള വിധം കപ്പലിലെ രാസമൂലകങ്ങള്‍ അടക്കമുള്ള ചരക്കുകള്‍ കടലില്‍ കലരുകയും തീരത്തോട് ചേര്‍ന്ന് കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ഈ വിഷയത്തില്‍ തുടക്കം മുതലേ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളതെന്നും സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ് സമരമുഖത്തേക്ക് ഇറങ്ങുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സമാനമായ സംഭവങ്ങളില്‍ കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കുന്ന സ്വാഭാവിക നടപടി അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിംഗ് വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥനും ചീഫ് സെക്രട്ടറി എ ജയതിലകിന്റെ കൂടി സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത് ഗുരുതരമായ വീഴ്ചയും കൊടും ചതിയുമാണ്. അദാനിയുമായി അടുത്ത ബന്ധമുള്ള കപ്പല്‍ കമ്പനിക്ക് വേണ്ടി കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
കമ്പനിയെ രക്ഷിച്ചെടുത്ത് നഷ്ടപരിഹാര തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നീടാക്കാം എന്നതാണ് സര്‍ക്കാര്‍ നയമെന്ന് വ്യക്തമായിരിക്കുകയാണ്. കേരള തീരം സമീപ ഭാവിയില്‍ നേരിടാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരമാകുന്ന തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ ലഭിക്കുമോ എന്നതില്‍ സര്‍ക്കാരിന് ഒരു ഉറപ്പുമില്ല. അപ്പോഴാണ് കമ്പനിയെ രക്ഷിച്ചെടുക്കാന്‍ കുത്തകകള്‍ക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ക്കുന്നത്. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളോടല്ല, കുത്തക കമ്പനികളോടാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കരുതല്‍ എന്നത് ലജ്ജാവഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കപ്പലിലെ ചരക്കുകളിലും കണ്ടെയ്‌നറുകളിലും എന്തെല്ലാമാണുണ്ടായിരുന്നത് എന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ടി.എന്‍ പ്രതാപന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് സര്‍ക്കാരിനെ ശാസിക്കേണ്ട സാഹചര്യമുണ്ടായെന്നും പ്രസ്തുത വിവരങ്ങള്‍ എത്രയും പെട്ടെന്ന് പുറത്തുവിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10