ഹരിപ്പാട്: ഉസ്ബെക്കിസ്താനില്‍ മെഡിക്കല്‍ പഠനം നടത്തിവരികയായിരുന്ന മലയാളി വിദ്യാര്‍ഥിനി സഹപാഠിയുടെ മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭാതം ഭവനില്‍ സാവരിയ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തല്‍മണ്ണ എരുവത്ത് സ്വദേശിയുമായ സാദുരില്‍ അനാമിനെ (23) ഉസ്ബെക്കിസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം മുന്‍പാണ് ദാരുണമായ ഈ സംഭവം നടന്നത്.
കഴിഞ്ഞ ഡിസംബറിലാണ് സാവരിയ ഉപരിപഠനത്തിനായി ഉസ്ബെക്കിസ്താനിലേക്ക് പോയത്. അടുത്ത സുഹൃത്തുക്കളായിരുന്ന സാവരിയയും അനാമും തമ്മില്‍ സംസാരിച്ചുനില്‍ക്കുന്നതിനിടെ പെട്ടെന്നുണ്ടായ തര്‍ക്കവും പ്രകോപനവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പ്രതി ലാപ്‌ടോപ്പ് കൊണ്ട് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ക്ക് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ അനാം തന്നെ സാവരിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഉസ്ബെക്കിസ്താനില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെ ഡല്‍ഹിയില്‍ എത്തിച്ചു. തുടര്‍നടപടികള്‍ക്ക് ശേഷം രാത്രിയോടെ ഹരിപ്പാട്ടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശിയായ സഹപാഠി അറസ്റ്റിൽ