‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് തിയറ്ററുകളിൽ; റിയലിസ്റ്റിക് ആക്ഷൻ ത്രില്ലറുമായി രഞ്ജിത്ത്
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തും. സത്യം സിനിമാസിന്റെയും മഹാ സുബൈർ മൂവി ക്ഷേത്രയുടെയും ബാനറിൽ പ്രേമചന്ദ്രൻ എ.ജിയും മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വൻ താരനിരയ്‌ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ബൃഹത്തായ ക്യാൻവാസിൽ വലിയ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. നീതിനിർവഹണത്തിനായി രംഗത്തിറങ്ങുന്ന അഞ്ച് ചെറുപ്പക്കാരുടെയും അവരുടെ മാർഗദർശിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും ഔദ്യോഗിക, വ്യക്തിജീവിതങ്ങളിൽ അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നത്.
രഞ്ജിത്തിന്റെ തന്നെ ‘ബ്ലാക്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രവുമായി മമ്മൂട്ടി വീണ്ടും എത്തുമെന്ന തരത്തിലുള്ള പ്രചാരണം ശക്തമാണ്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥാഗതിയിൽ മറ്റ് ചില സ്ഥലങ്ങൾക്കും നിർണായക പ്രാധാന്യമുണ്ട്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി ഏകദേശം 90 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് നടന്നത്.
ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർമാരായ ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവർ ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.ആക്ഷനൊപ്പം ഇമോഷണൽ ഡ്രാമയ്ക്കും പ്രാധാന്യം നൽകുന്ന ചിത്രം കുടുംബ പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
‘ജോർജ് സാർ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വർമ്മയും ‘ബ്ലാസ്റ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബികാ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഷിബു ചക്രവർത്തിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. ജോ ഡാനിയേൽ സംഗീതവും ബിജിബാൽ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. മനോജ് കണ്ണോത്ത് എഡിറ്റിംഗും സാബു റാം കലാസംവിധാനവും നിർവഹിക്കുന്നു.റോഷൻ എൻ.ജി. മേക്കപ്പും സമീറ സനീഷ് കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു. പ്രേംലാൽ പട്ടാഴിയാണ് സ്റ്റിൽസ്. കിഷൻ സപ്ത സൗണ്ട് ഡിസൈൻ നിർവഹിക്കുന്നു.
സുനിൽ സിംഗ് ലൈൻ പ്രൊഡ്യൂസറും വി. ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ആന്റണി സ്റ്റീഫൻ ഡിസൈനും ശാലിനി കാസ്റ്റിംഗ് ഡയറക്ഷനും നിർവഹിക്കുന്നു. പ്രസാദ് നമ്പ്യാങ്കാവ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. സത്യം സിനിമാസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.