മോഹൻലാൽ–രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന ശ്രദ്ധേയ ചിത്രമായ ‘ചന്ദ്രോത്സവം’ വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രം റിലീസ് ചെയ്ത് 21 വർഷം പൂർത്തിയാകുന്ന വേളയിലാണ് 4K ദൃശ്യ മികവിലും Dolby Atmos ശബ്ദ സാങ്കേതിക മികവിലും റീമാസ്റ്റർ ചെയ്ത് ചിത്രം റീ റിലീസിനെത്തുന്നത്. റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.
‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’, ‘സമ്മർ ഇൻ ബെത്ലഹേം’, ‘കിരീടം’ തുടങ്ങിയ മോഹൻലാൽ ചിത്രങ്ങൾ രണ്ടാം വരവിൽ പ്രേക്ഷകർക്കിടയിൽ വലിയ ആഘോഷമായി മാറിയതിന് പിന്നാലെയാണ് ‘ചന്ദ്രോത്സവവും’ പുതിയ സാങ്കേതിക മികവോടെ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. മോഹൻലാൽ–രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന സ്ലോ ബേണർ കൾട്ട് ക്ലാസിക്കായാണ് ചിത്രം പിന്നീട് പ്രേക്ഷകർക്കിടയിൽ സ്വന്തമായൊരു സ്ഥാനം നേടിയത്.
ചിറയ്ക്കൽ ശ്രീഹരിയായി മോഹൻലാലും ഇന്ദുലേഖയായി മീനയും എത്തിയ ചിത്രത്തിന് ആദ്യ റിലീസ് സമയത്ത് പ്രതീക്ഷിച്ചത്ര വലിയ ബോക്സോഫീസ് സ്വീകരണം ലഭിച്ചിരുന്നില്ല. എന്നാൽ കാലം പിന്നിട്ടതോടെ ചിത്രത്തിലെ കഥാപാത്രങ്ങളും സംഭാഷണങ്ങളും വൈകാരിക മുഹൂർത്തങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓർമകളായി മാറി. ‘മുറ്റത്തെത്തും തെന്നലേ’, ‘ആരാരും കാണാതെ’, ‘പൊൻമുളം തണ്ടിൽ’ തുടങ്ങിയ ഗാനങ്ങളും ഇന്നും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. വിദ്യാസാഗറിന്റെ സംഗീതത്തിനും ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്കും ചിത്രത്തിന്റെ ജനപ്രീതിയിൽ വലിയ പങ്കുണ്ട്.
ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും പ്രണയവും സൗഹൃദവും സംഘർഷങ്ങളും വൈകാരിക നിമിഷങ്ങളുമെല്ലാം പുതിയ സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്ക്രീനിൽ ആസ്വദിക്കാനുള്ള അവസരമാണ് റീ റിലീസിലൂടെ ഒരുങ്ങുന്നത്.
ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും രഞ്ജിത്തിന്റേതാണ്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് ‘ചന്ദ്രോത്സവം’ വീണ്ടും തിയറ്ററുകളിലെത്തിക്കുന്നത്. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ നൂതന സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക് എത്തിച്ച ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ 4K റീമാസ്റ്ററിംഗും Dolby Atmos ശബ്ദ മികവോടെയുള്ള പുനഃസൃഷ്ടിയും നിർവഹിച്ചിരിക്കുന്നത്.
മീന, രഞ്ജിത്ത്, മുരളി മേനോൻ, സായികുമാർ, സ്ഫടികം ജോർജ്, ജയകൃഷ്ണൻ, അഗസ്റ്റിൻ, വി.കെ. ശ്രീരാമൻ, ഭീമൻ രഘു, വി. ദക്ഷിണാമൂർത്തി, മണിയൻപിള്ള രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, മീന ഗണേഷ്, സീനത്ത്, ഖുശ്ബു, സന്തോഷ്, ടി.പി. മാധവൻ, കോഴിക്കോട് ശാരദ, ജയൻ ചേർത്തല, സി.വി. ദേവ്, അബു സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
അളഗപ്പൻ എൻ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. എൽ. ഭൂമിനാഥനാണ് എഡിറ്റർ. സംഗീതം വിദ്യാസാഗറും ഗാനരചന ഗിരീഷ് പുത്തഞ്ചേരിയുമാണ്. കലാസംവിധാനം സുരേഷ് കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ ആന്റോ ജോസഫ്, മേക്കപ്പ് പി.വി. ശങ്കർ, വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം, കൊറിയോഗ്രഫി ത്യാഗരാജൻ എന്നിവരാണ്.
രാജശ്രീ സന്തോഷാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എം. പത്മകുമാർ അസോസിയേറ്റ് ഡയറക്ടറായും അഭിമന്യു കൃഷ്ണൻ പ്രോജക്ട് മാനേജരായും പ്രവർത്തിച്ചു. ഷാൻ ആഷിഫാണ് കളറിസ്റ്റ്, അരുൺ സി.എസ് അസോസിയേറ്റ് കളറിസ്റ്റ്. അറ്റ്മോസ് മിക്സിംഗ് ഹരി നാരായണൻ നിർവഹിച്ചു. മാർക്കറ്റിംഗ് ഹെഡുമാരായി കാർത്തിക് ഇസഡ്.ആറും ജിബിൻ ജോയും പ്രവർത്തിക്കുന്നു. 4K റീമാസ്റ്ററിംഗ് ഹൈ സ്റ്റുഡിയോസിന്റേതാണ്. ടൈറ്റിൽസ് ശബരി ശങ്കറും പി.ആർ.ഒ പി. ശിവപ്രസാദുമാണ്.