Logo
Wed, Sep 09, 2026 • 01:48 AM
LIVE TV
Watch

No business videos available

No Middle East videos available

കേരളത്തിൽ ചൂട് കൂടുന്നു; ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 08, 2026
1 min read
SHARE:
SAVE: Login to save

കേരളത്തിൽ ചൂട് കൂടുന്നു; ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ.

അമിതമായ ചൂട് സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. പകൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ശുദ്ധജലത്തിന് മുൻഗണന നൽകണം. നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽസമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ഉപയോഗിക്കുകയും വേണം. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നല്ലതാണ്.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാനും ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാനും നിർദേശമുണ്ട്. അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും ആവശ്യമായാൽ വൈദ്യസഹായം തേടുകയും വേണം.

വിദ്യാർഥികൾക്കും പ്രത്യേക ജാഗ്രത

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ മതിയായ വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാ കാലമായതിനാൽ പരീക്ഷാഹാളുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കണം.

കൂടുതൽ വെയിൽ ഏൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ വേണം. വിദ്യാർഥികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കുട്ടികൾക്ക് നേരിട്ട് ചൂടേൽക്കുന്ന സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പാക്കണം. അങ്കണവാടി കുട്ടികൾക്കും ചൂടേൽക്കാതിരിക്കാൻ തദ്ദേശസ്ഥാപനങ്ങളും ജീവനക്കാരും പ്രത്യേക ശ്രദ്ധ നൽകണം.

കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ എന്നിവർ പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

തൊഴിലാളികൾ ജോലി സമയം ക്രമീകരിക്കണം

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റ് കഠിന ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ആവശ്യാനുസരണം ക്രമീകരിക്കുകയും ഇടവേളകളിൽ വിശ്രമം ഉറപ്പാക്കുകയും വേണം. ജോലി ചെയ്യുന്നവർക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.

ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം. ചൂടിൽ നിന്ന് സംരക്ഷിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനും ആവശ്യമായ ഇടവേളകളിൽ വിശ്രമിക്കാനും ഇവർക്ക് സൗകര്യം നൽകണം. മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും പകൽ 11 മുതൽ 3 വരെ കുട ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുകയും വേണം.

പൊതുപരിപാടികൾ ഒഴിവാക്കണം

പൊതുപരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളവും തണലും സംഘാടകർ ഉറപ്പാക്കണം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ഇത്തരം പരിപാടികൾ കഴിയുന്നതും ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. യാത്രക്കാർ ആവശ്യത്തിന് വിശ്രമിക്കുകയും വെള്ളം കൈയിൽ കരുതുകയും വേണം.

തീപിടിത്ത സാധ്യതയും കാട്ടുതീയും; ജാഗ്രത വേണം

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡുകൾ) എന്നിവിടങ്ങളിൽ തീപിടിത്തത്തിനും തീ പടരുന്നതിനുമുള്ള സാധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.

ചൂട് കൂടുന്നതോടെ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയും വർധിക്കും. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. കാട്ടുതീയ്ക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും വനംവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.

മൃഗങ്ങളെയും ചൂടിൽ നിന്ന് സംരക്ഷിക്കണം

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ നേരിട്ട് വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ആവശ്യമായ വെള്ളം ലഭ്യമാക്കണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങൾക്കുള്ളിൽ ഇരുത്തി പോകുന്നത് കർശനമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

വെള്ളം പാഴാക്കാതെ ഉപയോഗിക്കുകയും മഴ ലഭിക്കുന്ന സമയത്ത് പരമാവധി വെള്ളം സംഭരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10