"ഉപാധികളില്ലാത്ത സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്": ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി
കൊച്ചി: തനിക്ക് ജന്മദിനാശംസകൾ നേർന്ന ഏവർക്കും ഹൃദയംഗമമായ നന്ദി അറിയിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പ്രത്യേക കുറിപ്പിലൂടെയാണ് താരം നന്ദി പ്രകടിപ്പിച്ചത്. ആരാധകരുടെ ഉപാധികളില്ലാത്ത സ്‌നേഹവും പിന്തുണയുമാണ് തന്നെ ഇത്രയും കാലം മുന്നോട്ട് നയിച്ചതെന്ന് അദ്ദേഹം കുറിച്ചു.
"നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകളെല്ലാം വായിച്ചറിഞ്ഞ് ഹൃദയം നിറഞ്ഞു, ഹൃദയംഗമമായ നന്ദി പറയുന്നു. വർഷങ്ങളായി നിങ്ങളുടെ ഉപാധികളില്ലാത്ത സ്‌നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നിങ്ങളിൽ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി" - മമ്മൂട്ടി കുറിച്ചു.
സിനിമയിൽ 55-ാം വർഷത്തിലെത്തിനിൽക്കുന്ന മമ്മൂട്ടിയുടെ 75-ാം പിറന്നാളായിരുന്നു തിങ്കളാഴ്ച ആഘോഷിച്ചത്. മോഹൻലാൽ ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങളും സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിദേശത്തുനിന്നടക്കമുള്ള ആരാധകരും താരത്തിന് ആശംസകൾ നേർന്നിരുന്നു.
1951 സെപ്റ്റംബർ 7-ന് വൈക്കത്തെ ചെമ്പ് ഗ്രാമത്തിൽ ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. അഭിഭാഷകവൃത്തിയിൽ നിന്ന് അഭിനയരംഗത്തെത്തിയ അദ്ദേഹം അഞ്ചുപതിറ്റാണ്ടോളം നീണ്ട കരിയറിൽ 425-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, ഒൻപതു സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിവ നേടിയിട്ടുള്ള അദ്ദേഹത്തിന് ഈ 75-ാം പിറന്നാൾ വർഷത്തിൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മുൻപ് പദ്മശ്രീ, കേരള പ്രഭ പുരസ്‌കാരങ്ങളും വിവിധ സർവകലാശാലകളുടെ ഡി.ലിറ്റ് ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.