തിരുവനന്തപുരം: ശബരിമലയിൽ ദേവസ്വം ബോർഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സർക്കാർ കൈകടത്തില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. എന്നാൽ തീർഥാടകർക്ക് സുഗമമായി ദർശനം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ ശബരിമലയുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടില്ല. എന്നാൽ ആവശ്യമായ ഘട്ടത്തിൽ നിയമനിർമാണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർഥാടനം മികച്ച രീതിയിൽ നടത്താനാണ് സർക്കാരിന്റെ ശ്രമം. തീർഥാടനം സുഗമമായി നടക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദർശനത്തിന് മുടക്കം സംഭവിച്ചാൽ ജനങ്ങൾ ദേവസ്വം ബോർഡിനെയല്ല, സർക്കാരിനെയാണ് കുറ്റപ്പെടുത്തുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ തീർഥാടകർക്ക് തടസ്സമില്ലാതെ ദർശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളിൽ സർക്കാർ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി അടുത്ത ദിവസം പമ്പയിൽ വിശദമായ യോഗം ചേരുമെന്നും കെ. മുരളീധരൻ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുഞ്ഞിന്റെ ശരീരത്തിൽ കണ്ടെത്തിയ സൂചി മെഡിക്കൽ കോളേജിന്റേതല്ലെന്ന കണ്ടെത്തൽ അന്വേഷണത്തിൽ ഉണ്ടായിട്ടുണ്ടോയെന്നത് റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിഷയത്തിൽ തുടർ തീരുമാനങ്ങളെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.