മാസപ്പടി, ഹവാല ഇടപാട് ആരോപണങ്ങളില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക അന്വേഷണ സംഘങ്ങളെ (SIT) രൂപീകരിക്കാന്‍ തീരുമാനിച്ചു. കേസുകളുടെ സ്വഭാവം വ്യത്യസ്തമായതിനാല്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസും മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട കേസുകളും രണ്ട് വെവ്വേറെ സംഘങ്ങളാണ് അന്വേഷിക്കുക. ഇ.ഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ ഈ നിര്‍ണായക നീക്കം.
ആദ്യത്തെ കേസില്‍ സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്നും എക്‌സാലോജിക് വഴിയുള്ള സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനാണ് ഒന്നാം പ്രതി, മകള്‍ ടി. വീണ രണ്ടാം പ്രതിയുമാണ്. തസ്തിക ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയെന്നാണ് ഈ കേസില്‍ ചുമത്തിയിട്ടുള്ളത്. രണ്ടാമത്തെ ഹവാല ഇടപാട് കേസില്‍ മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയും വീണയെ രണ്ടാം പ്രതിയാക്കിയുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിലവില്‍ വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എടുത്ത കേസുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം രൂപീകരിക്കാനുള്ള ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കും.
മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാനം