ടെക്‌സസ്: പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ 'ബ്രേക്കിംഗ് ബാഡി'ലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയ താരം ആര്‍.ജെ മിറ്റെ (34) അന്തരിച്ചു. ടെക്‌സസിലെ ബ്രൗണ്‍സ്വില്ലില്‍ വെച്ചായിരുന്നു അന്ത്യം. താരത്തിന്റെ ടാലന്റ് മാനേജ്മെന്റ് ഏജന്‍സിയാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. മരണകാരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി വെളിപ്പെടുത്തിയിട്ടില്ല.
'പ്രിയപ്പെട്ട നടനും ജീവകാരുണ്യ പ്രവര്‍ത്തകനും ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ പോരാളിയുമായ ആര്‍.ജെ മിറ്റെയുടെ വിയോഗവാര്‍ത്ത തീരാദുഃഖത്തോടെ പങ്കുവെക്കുന്നു' എന്ന് അദ്ദേഹത്തിന്റെ ഏജന്‍സി വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ലോകമെമ്പാടും വന്‍ തരംഗം സൃഷ്ടിച്ച എ.എം.സി ക്രൈം ഡ്രാമ പരമ്പരയായ 'ബ്രേക്കിംഗ് ബാഡില്‍' പ്രധാന കഥാപാത്രമായ വാള്‍ട്ടര്‍ വൈറ്റിന്റെ മകന്‍ വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍ (ഫ്‌ലിന്‍) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മിറ്റെ ശ്രദ്ധേയനായത്. യഥാര്‍ത്ഥ ജീവിതത്തില്‍ സെറിബ്രല്‍ പാള്‍സി ബാധിതനായിരുന്ന മിറ്റെ, തന്റെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയാണ് കൃത്യതയോടും തനിമയോടും കൂടെ ആ കഥാപാത്രത്തെ സ്‌ക്രീനില്‍ എത്തിച്ചത്.
ടെര്‍മിനല്‍ ക്യാന്‍സര്‍ ബാധിതനായ കെമിസ്ട്രി അധ്യാപകന്‍ വാള്‍ട്ടര്‍ വൈറ്റ് മയക്കുമരുന്ന് മാഫിയയുടെ തലവനായ ഹൈസന്‍ബര്‍ഗായി മാറുന്നതും, തുടര്‍ന്ന് പിതാവും മകനും തമ്മിലുള്ള ബന്ധത്തിലുണ്ടാകുന്ന സങ്കീര്‍ണ്ണതകളുമാണ് പരമ്പരയുടെ പ്രധാന പ്രമേയം. കഥാപാത്രത്തിന് പൂര്‍ണ്ണത നല്‍കുന്നതിനൊപ്പം ഭിന്നശേഷിക്കാരായ കലാകാരന്മാര്‍ക്ക് സിനിമാരംഗത്ത് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള മാധ്യമമായും അദ്ദേഹം തന്റെ ജനപ്രീതിയെ ഉപയോഗപ്പെടുത്തി.
അഭിനയത്തിന് പുറമെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു മിറ്റെ. 'യുണൈറ്റഡ് സെറിബ്രല്‍ പാള്‍സി'യുടെ സെലിബ്രിറ്റി അംബാസഡറായും സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡിന്റെ വക്താവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്
ടെലിവിഷന്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരമ്പരകളിലൊന്നായി വിലയിരുത്തപ്പെടുന്ന 'ബ്രേക്കിംഗ് ബാഡ്' 16 എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2021-ല്‍ പുറത്തിറങ്ങിയ 'ട്രയംഫ്' എന്ന ചിത്രത്തില്‍ സെറിബ്രല്‍ പാള്‍സി ബാധിതനായ ഗുസ്തി താരത്തിന്റെ വേഷവും മിറ്റെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരുന്നു. സിനിമാ മേഖലയിലും സമൂഹത്തിലും ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ പരിഗണനയും ബഹുമാനവും നേടിയെടുക്കുന്നതില്‍ മിറ്റെയുടെ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിച്ചു.
'ബ്രേക്കിംഗ് ബാഡ്' താരം ആര്‍.ജെ മിറ്റെ അന്തരിച്ചു