കൊച്ചി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ (UPI) ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. ഇതിന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു.
യുപിഐ ഇടപാടുകൾക്കുള്ള അധിക ഫീസ് ഹോട്ടൽ വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. നിലവിൽ ഉത്സവകാലമായതിനാൽ യുപിഐ ചാർജുകൾ ഏർപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് വാണിജ്യ സംഘടനകൾ കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം നീട്ടിവെക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ദസറ, ദീപാവലി, ക്രിസ്മസ് ആഘോഷങ്ങൾ കണക്കിലെടുത്ത് ഒക്ടോബർ 15-ന് പകരം തീരുമാനം ജനുവരി ഒന്നിലേക്ക് മാറ്റുന്ന കാര്യം പേയ്‌മെന്റ്‌സ് കൗൺസിൽ ഓഫ് ഇന്ത്യ ആലോചിക്കുന്നുണ്ട്.