തിരുവനന്തപുരം: നീണ്ട 38 വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗഹൃദത്തിന്റെ വസന്തം വീണ്ടെടുത്ത് പരമുപിള്ള മെമ്മോറിയൽ ഹൈസ്കൂളിലെ 1988-ലെ പത്താം ക്ലാസ് ബാച്ച് വിദ്യാർത്ഥികൾ. ഓഗസ്റ്റ് 30-ന് സ്കൂൾ അങ്കണത്തിൽ നടന്ന അപൂർവ്വ ഒത്തുചേരൽ പഴയകാല ഓർമ്മകളുടെയും പൊട്ടിച്ചിരികളുടെയും ചെറുപൂരമായി മാറി.
രാവിലെ ഒൻപത് മണിക്ക് സ്കൂൾ മുറ്റത്ത് അത്തപ്പൂക്കളം ഒരുക്കിയാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്. തുടർന്ന് ഓണക്കളികളും, ഊഞ്ഞാലാട്ടവും, വടംവലി മത്സരങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. അറിവിന്റെ വെളിച്ചം പകർന്നുനൽകിയ പ്രിയ ഗുരുനാഥന്മാരെ ചടങ്ങിൽ ആദരിച്ചു. അധ്യാപകരായ ലക്ഷ്മീകാന്തൻ, വിജയകുമാർ, അധ്യാപികമാരായ രാധാമണി, നൊവോമി, അനിത, വിജയമ്മ, ലീലാബായി, സുകുമാരി, സുശീല തങ്കച്ചി, അംബിക, വസന്ത കുമാരി, ചന്ദ്രിക എന്നിവർക്കാണ് ശിഷ്യഗണങ്ങൾ ആദരവ് അർപ്പിച്ചത്.
അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് കേവലം ഒരു ചടങ്ങല്ല, മറിച്ച് അക്ഷരങ്ങൾ പകർന്നു തന്ന കൈകൾക്കുള്ള നന്ദിപ്രകടനമാണ്. ഈ സന്തോഷനിമിഷങ്ങൾക്കിടയിലും കൂടെയുണ്ടായിരുന്നവരിൽ ചിലർ രോഗബാധിതരായി വീടുകളിൽ കഴിയുന്നതറിഞ്ഞ്, അവർക്ക് സ്നേഹത്തിന്റെ തണലായി ഓണക്കോടികൾ നേരിട്ടെത്തിച്ചു നൽകി. കൂടാതെ വരുംദിവസങ്ങളിൽ കൂടുതൽ ക്ഷേമപരിപാടികൾ നടപ്പിലാക്കാനും കൂട്ടായ്മ തീരുമാനിച്ചു.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെ, മധുരമൂറുന്ന ഓർമ്മകൾ പരസ്പരം പങ്കുവെച്ച് മൂന്ന് മണിയോടെ പിരിഞ്ഞപ്പോൾ , അത് ഒരു വിടപറയലായില്ല. പകരം, കാലമെത്ര കഴിഞ്ഞാലും മങ്ങാത്ത സൗഹൃദത്തിന്റെ പുതിയൊരു തുടക്കമായിരിക്കും എന്ന് ഉറപ്പായി . ബെൽ അടിക്കുമ്പോൾ ക്ലാസ്സ് മുറികളിലേക്ക് ഓടിക്കയറിയ ആ പഴയ സ്കൂൾ കുട്ടികളായി മാറുവാൻ, ഓർമ്മകളുടെ വസന്തതീരത്ത് വീണ്ടും ഒരുമിക്കുവാൻ കാത്തിരിക്കുകയാണെന്ന് പ്രശസ്ത വിലഡ്‌ലൈഫ് ഫോട്ടോഗ്രാഫറും 1988 ബാച്ച് വിദ്യാർത്ഥിയും കൂടിയായ ശ്രീ ബിജു കാരക്കോണം വ്യക്തമാക്കി.