കൊച്ചി: കളമശ്ശേരി എടയാർ വ്യവസായ മേഖലയിലെ കമ്പനികളിൽ നിന്ന് പെരിയാർ പുഴയിലേക്ക് വീണ്ടും മാലിന്യം ഒഴുക്കിയതായി പരാതി. ഇന്ന് രാവിലെ പുഴയിൽ പാളി രൂപത്തിൽ മാലിന്യം കണ്ടെത്തുകയായിരുന്നു. നെയ്യ് കലർന്ന അറവുമാലിന്യമാണ് പുഴയിലേക്ക് തള്ളിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
മാലിന്യം ഒഴുക്കിയതിനെ തുടർന്ന് എടയാർ മേഖലയിൽ രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. വിഷയത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പെരിയാർ മലിനീകരണം തടയാൻ കർശന നിർദേശം മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് പുഴയിലേക്ക് വീണ്ടും മാലിന്യം ഒഴുക്കിയതെന്ന ആരോപണം ഉയർന്നിരിക്കുന്നത്.
നിരവധി കുടിവെള്ള പദ്ധതികൾക്ക് ആശ്രയിക്കുന്ന പെരിയാറിലാണ് മാലിന്യം തള്ളുന്നതെന്നതും ആശങ്ക ഉയർത്തുന്നു. പുഴയിൽ 24 മണിക്കൂറും നിരീക്ഷണത്തിനുള്ള സംവിധാനം മലിനീകരണ നിയന്ത്രണ ബോർഡിനുണ്ടായിട്ടും മാലിന്യം ഒഴുക്കുന്നത് തടയാനാകുന്നില്ലെന്നാണ് വിമർശനം.
വേലിയേറ്റം ആരംഭിച്ചതോടെ പുഴയിലെ നുരയുടെ തീവ്രത കുറഞ്ഞ് മാലിന്യം ഒഴുകിപ്പോയി. സംഭവത്തിൽ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും വിശദമായ പരിശോധന നടത്തുമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.