ന്യൂഡൽഹി: അർബുദ മരുന്നുകളുടെ ലാഭം പരമാവധി വിൽപ്പനവിലയുടെ (MRP) 30 ശതമാനമായി നിജപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അർബുദ മരുന്നുകളുടെ ലാഭത്തിന് പരിധി നിശ്ചയിച്ചതുവഴി രോഗികൾക്ക് ഒരുവർഷം 3500 കോടി രൂപയുടെ മെച്ചമുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, ഇതിൽ സന്തോഷിക്കാനൊന്നുമില്ലെന്നും മറ്റു മരുന്നുകളുടെ ലാഭം എന്തുകൊണ്ടാണ് പരിമിതപ്പെടുത്താത്തതെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ചോദിച്ചു. യഥാർഥ വില 11 രൂപയുള്ള സലൈൻ ഡ്രിപ്പ് വിൽക്കുന്നത് 270 രൂപയ്ക്കാണെന്നും ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
മരുന്നുവില നിയന്ത്രിക്കൽ, ജനറിക് മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യത, മരുന്ന് കുറിക്കൽ വിഷയങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡോ. സഞ്ജയ് കുലക്ഷേത്ര, കിഷൻ ചന്ദ് ജെയിൻ എന്നിവർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, മരുന്നിന്റെ ആദ്യവില നിശ്ചയിക്കുന്നതിന് നിലവിൽ ഒരു നിയന്ത്രണസംവിധാനവുമില്ലെന്നതാണ് പ്രധാന പ്രശ്നമെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു.