കോഴിക്കോട്: സംസ്ഥാനത്ത് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുന്നത് സാധാരണക്കാരന് വലിയ തിരിച്ചടിയാകുന്നു. മൊത്ത വിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ 14 രൂപയാണ് വർധിച്ചത്. ഓണക്കാലത്ത് 58 രൂപയായിരുന്ന മൊത്തവിപണിയിലെ പൊന്നി അരിയുടെ വില ഇപ്പോൾ 73 രൂപയായാണ് ഉയർന്നിരിക്കുന്നത്. കുറുവ അരിയുടെ വിവിധ ഇനങ്ങൾക്ക് ഓണത്തിന് ശേഷം മൂന്ന് രൂപയും കൂടിയിട്ടുണ്ട്.
കഴിഞ്ഞ ജൂലായ് മുതൽ പിടിവിട്ട് കുതിക്കുന്ന ബിരിയാണിക്കുള്ള കൈമ അരിയുടെ വില ഇടക്കാലത്ത് ചെറുതായി കുറഞ്ഞെങ്കിലും, നിലവിൽ അത് 180 രൂപയിലേക്ക് ഉയർന്നിരിക്കുകയാണ്. ഇതിനുപുറമേ കോല അരിക്കും വില വർധിച്ചിട്ടുണ്ട്.
അരിക്ക് പുറമെ മറ്റ് പലവ്യഞ്ജനങ്ങൾക്കും വില വർധനവ് രൂക്ഷമാണ്. മൊത്തവിപണിയിൽ തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ കിലോയ്ക്ക് 20 രൂപയാണ് കൂടിയത്. കടലയ്ക്ക് പത്ത് രൂപയും, ഉഴുന്നിന് എട്ട് രൂപയും, വൻ പയറിന് 14 രൂപയും വർധിച്ചിട്ടുണ്ട്. ചെറുപയറിനും വിലയിൽ വർധനവുണ്ടായിട്ടുണ്ട്. കൂടാതെ പഞ്ചസാര തുടങ്ങിയ മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്.
വരും മാസങ്ങളിലും അവശ്യസാധനങ്ങളുടെ വില കുറഞ്ഞേക്കില്ലെന്നാണ് ഇതര സംസ്ഥാനങ്ങളിലെ വിപണികൾ നൽകുന്ന സൂചനകൾ നൽകുന്നത്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കൂടുതൽ പ്രതിസന്ധിയിലാക്കും