സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' സെപ്റ്റംബര്‍ 18-ന് ആഗോള റിലീസിനെത്തുന്നു
കൊച്ചി: സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്യുന്ന 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' സെപ്റ്റംബര്‍ 18-ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസും സുജിത് ജെ. നായരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില ഭാര്‍ഗവന്‍ നായികയാകുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നടി നിലീന്‍ സാന്ദ്രയാണ്.
കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കേന്ദ്ര കഥാപാത്രത്തിന് അസാധാരണമായ കേള്‍വിശക്തി (സൂപ്പര്‍ ഹിയറിംഗ്) ലഭിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരവും ആവേശകരവുമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേഹം. അസാധാരണമായ കേള്‍വി ശക്തി ഒരു സാധാരണക്കാരന് ലഭിക്കുന്നതോടെ സംഭവിക്കുന്ന കാര്യങ്ങള്‍ കൗതുകകരമായി സിനിമയില്‍ അവതരിപ്പിക്കുന്നു. സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ചിത്രം ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'കാതങ്ങള്‍ ദൂരെ' എന്ന ഗാനവും ആദ്യ ടീസറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മുജീബ് മജീദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രമുഖ ഓഡിയോ ലേബലായ തിങ്ക് മ്യൂസിക് ചിത്രത്തിന്റെ മ്യൂസിക് അവകാശവും, ദി പ്ലോട്ട് പിക്‌ചേഴ്‌സ് ഓവര്‍സീസ് വിതരണാവകാശവും സ്വന്തമാക്കി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ തിയേറ്ററുകളിലെത്തിക്കുന്നത്.
കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍. കൃഷ്ണ തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അഖില്‍ സേവ്യര്‍ ഛായാഗ്രഹണവും രാകേഷ് ചെറുമഠം എഡിറ്റിംഗും നിക്‌സണ്‍ ജോര്‍ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. റോണക്‌സ് സേവ്യര്‍ മേക്കപ്പും ആരതി ഗോപാല്‍ വസ്ത്രലങ്കാരവും അപ്പുണ്ണി സാജന്‍ കലാസംവിധാനവും കൈകാര്യം ചെയ്യുമ്പോള്‍ മനോജ് പൂങ്കുന്നമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.