Logo
Thu, Sep 10, 2026 • 02:21 PM
LIVE TV
Watch

No business videos available

No Middle East videos available

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഓഗസ്റ്റ്; ആഗോള താപനിലയിൽ പുതിയ റെക്കോർഡ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 10, 2026
1 min read
SHARE:
SAVE: Login to save

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഓഗസ്റ്റ്; ആഗോള താപനിലയിൽ പുതിയ റെക്കോർഡ്

പാരീസ്: രേഖപ്പെടുത്തിയ കാലാവസ്ഥാ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി ഓഗസ്റ്റ് മാറിയെന്ന് യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ്. അന്തരീക്ഷ താപനിലയ്ക്കൊപ്പം സമുദ്രോപരിതല താപനിലയിലും അഭൂതപൂർവമായ വർധനയാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്.

കോപ്പർനിക്കസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഓഗസ്റ്റിലെ ആഗോള ശരാശരി താപനില 16.96 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 2023 ജൂലൈയിൽ രേഖപ്പെടുത്തിയ മുൻ റെക്കോർഡിനേക്കാൾ 0.01 ഡിഗ്രി മാത്രമാണ് കൂടുതലുള്ളത്. വ്യത്യാസം വളരെ നേരിയതിനാൽ രണ്ട് മാസങ്ങളെയും ഏതാണ്ട് ഒരേ തോതിൽ ചൂടേറിയതായാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.

നിലവിലെ താപനില കണക്കുകൾ മനുഷ്യരാശി നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും കഴിഞ്ഞ ഒരു ലക്ഷം വർഷത്തിനിടെ മനുഷ്യർ ഇത്രയും ഉയർന്ന ചൂട് അനുഭവിച്ചിട്ടുണ്ടാകില്ലെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

കരയിലെ സ്ഥിതിക്ക് സമാനമായി സമുദ്രോപരിതല താപനിലയിലും വലിയ വർധന തുടരുകയാണ്. തുടർച്ചയായ മൂന്നാം മാസവും ആഗോള സമുദ്രോപരിതല താപനില റെക്കോർഡ് നിലയിലെത്തി. ഹരിതഗൃഹ വാതകങ്ങൾ മൂലം അന്തരീക്ഷത്തിൽ അധികമായി ഉണ്ടാകുന്ന ചൂടിന്റെ ഏകദേശം 90 ശതമാനവും സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്. ഇത് കരയിലെ താപവർധന ഒരു പരിധിവരെ നിയന്ത്രിക്കുന്നുണ്ടെങ്കിലും സമുദ്രജീവികൾക്കും പവിഴപ്പുറ്റുകൾക്കും തീരദേശ സമൂഹങ്ങൾക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

അറ്റ്‌ലാന്റിക്, മെഡിറ്ററേനിയൻ, ഉഷ്ണമേഖലാ പസഫിക് സമുദ്ര മേഖലകളിൽ സമുദ്ര താപനിലയിൽ കാര്യമായ വർധന രേഖപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എൽ നിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമാകാൻ സാധ്യതയുണ്ട്. പെറുവിലെ വെള്ളപ്പൊക്കം, ആഫ്രിക്കയിലെ വരൾച്ച, ഓസ്‌ട്രേലിയയിലെ കാട്ടുതീ തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് എൽ നിനോ സ്വാധീനം ചെലുത്താം. വരും മാസങ്ങളിൽ എൽ നിനോ ഉയർന്ന തീവ്രതയിലെത്തുകയാണെങ്കിൽ 2026ഉം 2027ഉം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

പടിഞ്ഞാറൻ യൂറോപ്പിൽ ഈ വർഷം രേഖപ്പെടുത്തിയത് ഇതുവരെയുള്ളതിൽ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ്. 2003ൽ രേഖപ്പെടുത്തിയ മുൻ റെക്കോർഡാണ് ഇത്തവണ മറികടന്നത്.ജൂലൈ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെയുണ്ടായ ശക്തമായ ഉഷ്ണതരംഗത്തിൽ യൂറോപ്പിൽ 32,000ലധികം പേർക്ക് ചൂടുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ജീവൻ നഷ്ടപ്പെട്ടതായാണ് കണക്ക്. അമേരിക്കയിലും ഈ വേനൽക്കാലത്ത് സമാനമായ റെക്കോർഡ് ചൂട് അനുഭവപ്പെട്ടു. കോപ്പർനിക്കസ് ഡാറ്റ പ്രകാരം ജൂലൈയിൽ ലോകമെമ്പാടുമായി ഏകദേശം 90 കോടി ആളുകൾ ഉയർന്ന ചൂടിന്റെ ദുരിതം അനുഭവിച്ചു.

ഫോസിൽ ഇന്ധനങ്ങളോടുള്ള മനുഷ്യരാശിയുടെ അമിതമായ ആശ്രിതത്വമാണ് ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വിഭാഗം മേധാവി സൈമൺ സ്റ്റീൽ ചൂണ്ടിക്കാട്ടി. കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുകയും ചെയ്യാതെ കാലാവസ്ഥാ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്താനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.




Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10