Logo
Sun, Jun 07, 2026 • 03:20 AM
LIVE TV
Watch

No business videos available

No Middle East videos available

നാല് വോട്ടിനായി കുഞ്ഞുങ്ങളുടെ അന്നം മുടക്കിയ സർക്കാർ ; മുഖ്യമന്ത്രിയുടേത് ക്രൂരമായ മനോനിലയെന്ന് രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 25, 2021
1 min read Updated: June 06, 2026
SHARE:
SAVE: Login to save

നാല് വോട്ടിനായി കുഞ്ഞുങ്ങളുടെ അന്നം മുടക്കിയ സർക്കാർ ; മുഖ്യമന്ത്രിയുടേത് ക്രൂരമായ മനോനിലയെന്ന് രമേശ് ചെന്നിത്തല
  മുഖ്യമന്ത്രി പിണറായി വിജയന്‍റേത് ക്രൂരമായ മനോനിലയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം എട്ടുമാസത്തോളം വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ച സർക്കാർ ഇപ്പോള്‍ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഒന്നിച്ച് വിതരണം ചെയ്യുന്നതിന് പിന്നിലും വോട്ടാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നാല് വോട്ടിന് വേണ്ടി കുഞ്ഞുങ്ങളെ പട്ടിണിക്കിടുന്ന മനോനിലയിലേക്ക് മുഖ്യമന്ത്രി എത്തിച്ചേർന്നതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഭക്ഷ്യധാന്യം പൂഴ്ത്തിവെച്ചത് എന്തിനായിരുന്നു എന്നതിന് മുഖ്യമന്ത്രി മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് :
വോട്ട് ലഭിക്കുന്നതിനായി എട്ടു മാസക്കാലത്തോളം കുഞ്ഞുങ്ങളുടെ അന്നം മുടക്കിയ സര്‍ക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യാതെ പൂഴ്ത്തി വച്ച ശേഷം വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഒന്നിച്ച് വിതരണം ചെയ്യുകയാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല, തങ്ങള്‍ക്ക് വോട്ട് കിട്ടിയാല്‍ മതിയെന്ന് കരുതുന്ന ക്രൂരമായ മനോനിലയിലാണ് മുഖ്യമന്ത്രി എത്തിച്ചേര്‍ന്നിരിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യം വിതരണം ചെയ്യരുതെന്നല്ല പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്യണമെന്നാണ്. മുന്‍ യു.പി.എ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഭക്ഷ്യസുരക്ഷാ പദ്ധതി അനുസരിച്ചുള്ള ഭക്ഷ്യധാന്യമാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമൊന്നുമല്ല. കുട്ടികളുടെ അവകാശമാണ്. അതാണ് സംസ്ഥാന സര്‍ക്കാര്‍ വോട്ട് തട്ടാനായി എട്ടുമാസത്തോളം നിഷേധിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഭക്ഷ്യധാന്യം പൂഴ്ത്തി വച്ചത് എന്തിനായിരുന്നു എന്നതിന് മുഖ്യമന്ത്രി മറുപടി നൽകണം. ഇത്തവണ വിഷു ഏപ്രില്‍ 14 നാണ്. വിഷുവിനുള്ള ഭക്ഷ്യക്കിറ്റും വോട്ടെടുപ്പിന് തൊട്ടു മുന്‍പ് വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. അതും ഏപ്രില്‍ ആറ് കഴിഞ്ഞ് വിതരണം ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടെടുപ്പിന് തൊട്ടു മുന്‍പ് ഭക്ഷ്യക്കിറ്റുകളെല്ലം ഒന്നിച്ച് വിതരണം ചെയ്ത് ജനങ്ങളെ മയക്കാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? അത്രയ്ക്ക് പ്രബുദ്ധരല്ലാത്തവരാണ് ജനങ്ങളെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? ഏപ്രില്‍ ആറിന് ശേഷം വിഷുക്കിറ്റ് നല്‍കിയാല്‍ കുഴപ്പമൊന്നും വരാനില്ല. അതേ പോലെ മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ഏപ്രില്‍ മാസം വോട്ടെടുപ്പിന് മുന്‍പ് മുന്‍കൂട്ടി നല്‍കുന്നതും വോട്ടര്‍മാരെ സ്വാധീനിക്കാനാണ്. ഇതും ഏപ്രില്‍ ആറിനു ശേഷം നൽകാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത് എല്ലാം ഏപ്രില്‍ ആറിന് ശേഷം നല്‍കണമെന്നാണ്. ഭക്ഷ്യധാന്യവും പെൻഷനും ജനങ്ങളുടെ അവകാശമാണ്. അല്ലാതെ ഔദാര്യമല്ല. ഭക്ഷ്യധാന്യങ്ങൾ സമയത്തിനു നൽകാതെ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നൽകിയാൽ വോട്ട് കിട്ടുമെന്ന ചിന്ത ജനങ്ങളുടെ വിവേചനബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരം ചെപ്പടി വിദ്യകള്‍ കൊണ്ടൊന്നും ഇടതു മുന്നണി ഇപ്പോഴത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ല.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10