വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പുതിയ പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി.
ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് വിവാദ കാഫിർ സ്‌ക്രീൻഷോട്ട് ലഭിച്ചത് ജിതിൻ ഭാസ്കറിൽ നിന്നാണെന്ന സൂചനകളെ തുടർന്നാണ് നടപടി. ചോദ്യം ചെയ്യലിന് പിന്നാലെ ജിതിന്‍റെ മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇത് കൂടുതൽ വിവരങ്ങൾക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. റിബേഷ് രാമകൃഷ്ണന് സ്ക്രീൻഷോട്ട് എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനായില്ല എന്നായിരുന്നു നേരത്തെ പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
കേസ് അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചവരെ മുൻ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നെങ്കിലും, ഇതിന്റെ യഥാർത്ഥ ഉറവിടം ഏതെന്നോ, ആരാണ് ഇത് നിർമ്മിച്ചതെന്നോ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചവരുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയമായി പരിശോധിച്ചതിന്‍റെ പൂർണ്ണമായ ഫലം ഇനിയും ലഭ്യമായിട്ടില്ല. കൂടാതെ മെറ്റാ (Meta) കമ്പനിയിൽ നിന്നുള്ള നിർണ്ണായക മറുപടിയും ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്ത് വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ എസ്ഐടി നീക്കം ആരംഭിച്ചത്.