തലശ്ശേരി: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി വീണ്ടും തള്ളി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (1) ജഡ്ജി സി.ജെ. ഡെന്നിയാണ് പ്രതികൾക്ക് കനത്ത തിരിച്ചടിയായ ഈ വിധി പ്രസ്താവിച്ചത്. നിലവിൽ അഡീഷണൽ സെഷൻസ് കോടതി (3) ജഡ്ജി റൂബി കെ. ജോസ് മുൻപാകെയാണ് കേസിന്റെ വിചാരണ നടക്കുന്നത്. ഇവിടെ നിന്നും കേസ് മാറ്റണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചിരുന്നത്.
നേരത്തെ പ്രതികൾ ഇതേ ആവശ്യവുമായി ഹർജി നൽകിയിരുന്നെങ്കിലും ഹർജിയോടൊപ്പം നിയമപ്രകാരമുള്ള സത്യവാങ്മൂലം ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അത് തള്ളിയിരുന്നു. തുടർന്നാണ് പിഴവുകൾ തിരുത്തി സത്യവാങ്മൂലം ഉൾപ്പെടുത്തി പ്രതികൾ വീണ്ടും ഹർജി സമർപ്പിച്ചത്. എന്നാൽ വിശദമായ പരിശോധനകൾക്ക് ശേഷം ഈ അപേക്ഷയും നിലനിൽക്കില്ലെന്ന് കണ്ട് കോടതി തള്ളുകയായിരുന്നു.
കോടതി മാറ്റ ഹർജിയിലുണ്ടായ അന്തിമ തീരുമാനത്തോടെ കേസിന്റെ വിചാരണ നടപടികൾ വേഗത്തിലാകും. വരും ദിവസങ്ങളിൽ തന്നെ കേസ് പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് കോടതി (3) മുൻപാകെ ജൂൺ 16 മുതൽ കേസിന്റെ വിചാരണ വീണ്ടും പുനരാരംഭിക്കും.