വീണ്ടുമൊരു മാസ്സ് ബയോപിക്കുമായി ആർ. മാധവൻ! 'ഇന്ത്യയുടെ എഡിസൺ' ജി.ഡി. നായിഡുവിന്റെ കഥ പറയുന്ന 'ജി.ഡി.എൻ' ട്രെയിലർ പുറത്ത്
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവായ ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതകഥ പറയുന്ന ബയോപിക് ചിത്രം 'ജി.ഡി.എൻ' ട്രെയിലർ പുറത്തിറങ്ങി. ജി.ഡി. നായിഡുവായി അദ്ഭുതപ്പെടുത്തുന്ന ഗെറ്റപ്പിലാണ് ആർ. മാധവൻ ട്രെയിലറിലുള്ളത്. പ്രമുഖ പരസ്യ സംവിധായകനായ കൃഷ്ണകുമാർ രാമകുമാർ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കോയമ്പത്തൂരിൽ വെച്ചാണ് നിർവ്വഹിച്ചത്. മലയാളം, തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ദേശീയ അവാർഡ് നേടിയ 'റോക്കട്രി: ദ് നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന് ശേഷം വർഗീസ് മൂലൻ പിക്ചേഴ്സ്, ട്രൈകളർ ഫിലിംസ്, മീഡിയ മാക്സ് എന്റർടൈൻമെന്റ്സ് എന്നിവർ സംയുക്തമായാണ് ഈ വൻകിട ചിത്രം നിർമ്മിക്കുന്നത്. മാധവനൊപ്പം പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവരാണ് ചിത്രത്തിന്റെ പ്രധാന നിർമ്മാതാക്കൾ. സോണൽ പണ്ടേ, സഞ്ജയ് ബെക്ടർ എന്നിവർ സഹനിർമ്മാതാക്കളാകുന്നു. 'ഇന്ത്യയുടെ എഡിസൺ', 'കോയമ്പത്തൂരിന്റെ സാമ്പത്തിക സ്രഷ്ടാവ്' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ജി.ഡി. നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിൽ തന്നെയാണ് ചിത്രത്തിന്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഇതിലെ 'ദി റൈസ് ഓഫ് ജി ഡി എൻ' എന്ന ഗാനം ഇതിനകം തന്നെ വിവിധ മ്യൂസിക് പ്ലാറ്റ്‌ഫോമുകളിൽ തരംഗമായിക്കഴിഞ്ഞു.
തമിഴിൽ ചിത്രീകരിച്ച സിനിമ തമിഴ് കൂടാതെ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി ജൂലൈ 17-ന് തിയേറ്ററുകളിൽ എത്തും. അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ക്രിയേറ്റീവ് പ്രൊഡക്ഷനും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മുരളീധരൻ സുബ്രഹ്മണ്യമാണ്. പ്രമോഷൻ കൺസൾട്ടന്റ്: മിഥുൻ മുരളി, ഡിജിറ്റൽ മാർക്കറ്റിങ്: ലിറ്റിൽ ഫ്രെയിംസ് എന്റർടൈൻമെന്റ്, വാർത്താപ്രചരണം: പി.ശിവപ്രസാദ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.