Logo
Sun, Jun 07, 2026 • 03:19 AM
LIVE TV
Watch

No business videos available

No Middle East videos available

രമേശ് ചെന്നിത്തലയുടെ പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; കള്ളവോട്ട് തടയാന്‍ കർശന നിർദേശങ്ങള്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 24, 2021
1 min read Updated: June 06, 2026
SHARE:
SAVE: Login to save

രമേശ് ചെന്നിത്തലയുടെ പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; കള്ളവോട്ട് തടയാന്‍ കർശന നിർദേശങ്ങള്‍
വോട്ടർ പട്ടികയിലെ ഗുരുതര ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കള്ളവോട്ട് തടയാന്‍ കർശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ നിർദേശം നല്‍കി. മഷി മായിച്ച് മണ്ഡലം മാറി വോട്ട് ചെയ്യുന്നതായി ഇന്ന് പുതുതായി രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.  ഇത്തരം ക്രമക്കേട് തടയാന്‍ മഷി ഉണങ്ങിയതിന് ശേഷം മാത്രമേ ബൂത്ത് വിടാൻ അനുവദിക്കാവൂ എന്നും നിർദേശം. വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചിട്ടുള്ളതായ പരാതികളുയർന്ന സാഹചര്യത്തിൽ കള്ളവോട്ട് തടയാൻ വിശദ മാർഗനിർദേശങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർമാർക്ക് നൽകി. വോട്ടർ പട്ടിക സംബന്ധിച്ച പരാതികളിൽ ജില്ലാ കളക്ടർമാർ മുഖേന നടത്തിയ പ്രാഥമിക പരിശോധനയിൽ വോട്ടർമാരുടെ പേരുകൾ ആവർത്തിക്കുന്നതായും, സമാനമായ ഫോട്ടോകളും വിലാസവും വ്യത്യസ്തമായ പേരുകളും ഉള്ള എൻട്രികളും, ഒരേ വോട്ടർ നമ്പരിൽ വ്യത്യസ്ത വിവരങ്ങളുമായ എൻട്രികളും കണ്ടെത്തിയിരുന്നു. സാധാരണഗതിയിൽ സമാന എൻട്രികൾ വോട്ടർപട്ടികയിൽ കണ്ടെത്തിയാൽ എറോനെറ്റ്, ഡീ ഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്നിവ ഉപയോഗിച്ച് കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുകയാണ് പതിവ്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ സമാനമായ വോട്ടർമാരെ ഒഴിവാക്കുന്നതിനല്ല, വോട്ടർപട്ടികയിലേക്ക് തീർപ്പാക്കാനുള്ള അപേക്ഷകൾക്ക് മുൻഗണന നൽകണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശമുണ്ട്. ഈ സാഹചര്യത്തിലാണ്, 140 മണ്ഡലങ്ങളിലും പട്ടികയിൽ സമാന എൻട്രികൾ വിശദമായ പരിശോധന നടത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് 25നകം പരിശോധന പൂർത്തിയാക്കണം. സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടർമാരുടെ വിവരങ്ങൾ എറോനെറ്റ് സോഫ്റ്റ്‌വെയറിലെ ലോജിക്കൽ എറർ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക ബൂത്ത് തലത്തിൽ തയാറാക്കണം. ഈ പട്ടിക ബി.എൽ.ഒമാർക്ക് നൽകി ഫീൽഡ് തല പരിശോധന നടത്തി യഥാർഥ വോട്ടർമാരെ കണ്ടെത്തണം. വോട്ടർസ്‌ളിപ്പ് വിതരണത്തിനൊപ്പം ഈ പ്രക്രിയ നടത്തിയാൽ മതിയാകും. ഇതിനൊപ്പം വോട്ടർമാർക്ക് യഥാർഥ എൻട്രി ഉപയോഗിച്ച് ഒരു വോട്ട് മാത്രമേ ചെയ്യാനാകൂ എന്ന് ബോധ്യപ്പെടുത്തുകയും വേണം. ഇത്തരത്തിൽ ബി.എൽ.ഒമാർ കണ്ടെത്തുന്ന ആവർത്തനം അവർക്കു നൽകിയിട്ടുള്ള സമാന വോട്ടർമാരുടെ പട്ടികയിൽ കൃത്യമായി രേഖപ്പെടുത്തി 30ന് മുമ്പ് വരണാധികാരികൾക്ക് നൽകണം. വരണാധികാരികൾ ആവർത്തനമുള്ള പേരുകാരുടെ പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് നൽകും. വോട്ടിംഗ് ദിനത്തിൽ പ്രിസൈഡിംഗ് ഓഫീസർമാർ കള്ളവോട്ട് തടയാനായി ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക പ്രത്യേകം അടയാളപ്പെടുത്തും. പ്രിസൈഡിംഗ് ഓഫീസർമാരുടെ ഹാൻഡ് ബുക്കിൽ 18ാം അധ്യായത്തിൽ സൂചിപ്പിച്ചിരിക്കുന്ന എ.എസ്.ഡി (ആബ്‌സൻറി, ഷിഫ്റ്റഡ്, ഡ്യൂപ്ലിക്കേറ്റ്/ഡെത്ത്) വോട്ടർമാരുടെ പ്രക്രിയ അനുസരിച്ചാകും നടപടികൾ സ്വീകരിക്കുക. ഈ പട്ടികയിലുള്ള വോട്ടർമാർക്ക് കൃത്യമായി വിരലിൽ മഷി പതിപ്പിക്കുകയും മഷി ഉണങ്ങിയശേഷം മാത്രം ബൂത്ത് വിടാൻ അനുവദിക്കുകയും വേണം. ഏതെങ്കിലും ബൂത്തിൽ കൂടുതൽ അപാകതകൾ പട്ടികയിൽ ശ്രദ്ധയിൽപ്പെടുകയും ആ ബൂത്ത് വെബ്കാസ്റ്റിംഗ്/സി.സി.ടി.വി പരിധിയിൽ വന്നിട്ടുള്ളതുമല്ലെങ്കിൽ ആ ബൂത്ത് കൂടി വെബ്കാസ്റ്റിംഗ്/സി.സി.ടി.വി പരിധിയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണം. എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ആവർത്തന വോട്ടർമാരുടെ പട്ടിക നൽകണം. പോളിംഗ് ഏജൻറുമാർ പരാതിപ്പെട്ടില്ലെങ്കിലും വോട്ടറെ തിരിച്ചറിയേണ്ടത് പോളിംഗ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ആൾമാറാട്ടം കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകും. പട്ടികയിൽ ആവർത്തനം സംഭവിക്കുന്നതിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന് അശ്രദ്ധയോ മനഃപൂർവമായ അനാസ്ഥയോ ഉണ്ടായതായി കണ്ടെത്തിയാൽ കർശന നടപടിയും നിയമനടപടിയും സ്വീകരിക്കും. ഈ നിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരും വരണാധികാരികളും ശ്രദ്ധിക്കുകയും മേൽനോട്ടം വഹിക്കുകയും വേണം. ഇതു സംബന്ധിച്ച നടപടി റിപ്പോർട്ടുകൾ 30 നകം നൽകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10