ഡോ. വന്ദനാ ദാസ് വധക്കേസില്‍ പ്രതി ജി. സന്ദീപിനുള്ള ശിക്ഷാവിധി കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നീതിക്കായി വന്ദനയുടെ മാതാപിതാക്കളും സഹപ്രവര്‍ത്തകരും കാത്തിരിക്കുകയാണ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസ് 'അപൂര്‍വങ്ങളില്‍ അപൂര്‍വമായി' പരിഗണിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
2023 മെയ് 10-ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച കുടവട്ടൂര്‍ സ്വദേശിയായ അധ്യാപകന്‍ സന്ദീപ്, ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് വന്ദനയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു പ്രതിയുടെയും പ്രതിഭാഗത്തിന്റെയും ശ്രമം. എന്നാല്‍ ശാസ്ത്രീയമായ വൈദ്യപരിശോധനയിലൂടെ സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞത് പ്രോസിക്യൂഷന് വലിയ നേട്ടമായി. വിചാരണാവേളയില്‍ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്.