നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ, അടിമുടി തിരുത്തൽ ലക്ഷ്യമിട്ട് സിപിഎം തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിലേക്ക് കടക്കുന്നു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ 15-ാം തീയതി ജില്ലാ സെക്രട്ടേറിയറ്റും, 16, 17 തീയതികളിൽ ജില്ലാ കമ്മിറ്റിയും ചേരും. ഇതിന് പിന്നാലെ ഏരിയ, ലോക്കൽ, ബ്രാഞ്ച് തലങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും. എന്നാൽ, പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ പഠിച്ച് പരിഹരിക്കാതെ, പതിവുപോലെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള നീക്കമാണെങ്കിൽ ഈ തിരുത്തൽ പ്രഹസനമാകുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം അണികളും. പ്രവർത്തകരുടെ വികാരം മാനിക്കാതെ നേതൃത്വം കൈക്കൊണ്ട ഏകപക്ഷീയ നിലപാടുകളാണ് പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയതെന്ന ചിന്ത ഇപ്പോൾ ശക്തമാണ്.
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാളിച്ചകൾ കേരളത്തിലുടനീളം പ്രതിഫലിച്ചുവെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒഴിഞ്ഞ തളിപ്പറമ്പ് മണ്ഡലത്തിലേക്ക് ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയായി കൊണ്ടുവന്നതിലെ അനൗചിത്യം അണികൾ ചൂണ്ടിക്കാണിച്ചിട്ടും നേതൃത്വം പിൻവാങ്ങിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ എതിർപാളയത്തിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു. ജനവികാരത്തെ വെല്ലുവിളിച്ച് ശ്യാമളയെ സ്ഥാനാർത്ഥിയായി അടിച്ചേൽപ്പിച്ചതിനെതിരെയുള്ള വോട്ടർമാരുടെ പ്രതിഷേധമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. പാർട്ടിയുടെ ഉരുക്കുകോട്ടകളിൽ ഒന്നുപോലും സുരക്ഷിതമല്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ച ഈ തീരുമാനത്തിന് പിന്നിൽ ആരുടെ താൽപ്പര്യമായിരുന്നു എന്ന ചോദ്യം അണികൾക്കിടയിൽ ശക്തമാണ്.
പയ്യന്നൂരിലെ ഫണ്ട് വിവാദവും സ്ഥാനാർത്ഥിത്വവും പാർട്ടിക്കേറ്റ മറ്റൊരു തിരിച്ചടിയായി അവലോകനങ്ങളിൽ ഉയർന്നുവരുന്നുണ്ട്. ഫണ്ട് വിവാദത്തിൽ ആരോപണവിധേയനായ ടി.ഐ. മധുസൂദനനെ വീണ്ടും മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് ഫലം തെളിയിക്കുന്നു. അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട വി. കുഞ്ഞിക്കൃഷ്ണന് അണികൾക്കിടയിൽ 'പോരാളി' പരിവേഷം ലഭിച്ചപ്പോൾ, നേതൃത്വം അദ്ദേഹത്തെ വർഗ്ഗവഞ്ചകനായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. മധുസൂദനനെ സ്ഥാനാർത്ഥിയാക്കിയത് ആരുടെ താൽപ്പര്യപ്രകാരമാണെന്നും, ഫണ്ട് വിവാദത്തിലെ യഥാർത്ഥ കണക്കുകൾ അണികളെ ബോധ്യപ്പെടുത്തുമോ എന്നും, കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമോ എന്നും നേതൃത്വം വ്യക്തമാക്കേണ്ടി വരും.
പാർട്ടിയിലെ വിഭാഗീയതയും തങ്ങൾക്കിഷ്ടമില്ലാത്തവരെ ഒതുക്കുന്ന രീതിയും അണികളിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക് മാറ്റിയത് തോൽപ്പിച്ച് ഒതുക്കാനാണെന്ന സംശയം അണികൾക്കിടയിലുണ്ട്. കൂടാതെ, പാർട്ടി സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിലുള്ള വേണ്ടപ്പെട്ടവരെ മാത്രം തിരുകിക്കയറ്റുന്ന രീതിക്ക് മാറ്റമുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നു. പരിശോധനകൾ താഴെത്തട്ടിലേക്ക് എത്തുമ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് സത്യസന്ധവും വിശ്വസനീയവുമായ മറുപടിയും, ഒപ്പം യഥാർത്ഥ ഇടതുനയങ്ങളിലേക്കുള്ള തിരിച്ചുവരവുമാണ് പാർട്ടി ബന്ധുക്കളും അണികളും നേതൃത്വത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.