മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കേസുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡിൽ സിപിഎം തീർത്ത അസാധാരണ പ്രതിരോധം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാവുകയാണ്. മുൻ പിബി അംഗവും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഇ.ഡി അന്വേഷണം നേരിട്ടപ്പോഴുള്ള പാർട്ടിയുടെ നിലപാടും, ഇപ്പോഴത്തെ നിലപാടും തമ്മിലുള്ള പ്രകടമായ വൈരുദ്ധ്യമാണ് ഈ ചർച്ചകൾക്ക് വഴിമരുന്നിട്ടത്.
2020-ൽ ബിനീഷ് കോടിയേരിയുടെ വീട്ടിൽ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടക്കുമ്പോൾ കോടിയേരി ബാലകൃഷ്ണനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. എന്നാൽ, അത് ബിനീഷിനെതിരെ വ്യക്തിപരമായി ഉയർന്ന ആരോപണമാണെന്നും പാർട്ടിയെന്ന നിലയിൽ അതിൽ ഇടപെടില്ലെന്നുമായിരുന്നു കോടിയേരിയുടെ അന്നത്തെ നിലപാട്. അന്വേഷണ ഏജൻസിയുടെ പക്കൽ എന്തൊക്കെയുണ്ടെന്ന് അറിയാതെ ഒന്നും പറയാനാകില്ലെന്നും, പരിശോധന അവരുടെ അന്വേഷണത്തിന്റെ ഭാഗമാണെന്നുമായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചത്. ബിനീഷ് കേസിനെ തുടർന്ന് കോടിയേരി താൽക്കാലികമായി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കുകയും ചെയ്തിരുന്നു.
എന്നാൽ അന്വേഷണം സ്വന്തം മകളിലേക്കും വീടുകളിലേക്കും എത്തിയതോടെ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും നിലപാട് 180 ഡിഗ്രി തിരിഞ്ഞു. ഇത് വ്യക്തിക്കെതിരെയുള്ളതല്ല, പാർട്ടിക്കെതിരെയുള്ള കടന്നാക്രമണമാണ് എന്ന രീതിയിലാണ് ഇപ്പോൾ സിപിഎം പ്രതിരോധം തീർക്കുന്നത്.
ഇ.ഡി റെയ്ഡ് തുടങ്ങി ഒരു മണിക്കൂർ തികയും മുൻപേ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ച പാർട്ടി, സംസ്ഥാന സെക്രട്ടറിയെ തന്നെ ഇ.ഡിക്കെതിരെ റോഡിൽ കുത്തിയിരുപ്പ് സമരത്തിന് ഇറക്കി. ഡൽഹിയിൽ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അറസ്റ്റ് വരിക്കുകയും ചെയ്തു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെങ്കിലും, വീണയുടേത് നിയമപരമായ ബിസിനസ് ഇടപാടാണെന്നും മുഖ്യമന്ത്രിക്ക് ഇതിൽ പങ്കില്ലെന്നും പാർട്ടി മുൻകൂട്ടി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഇതിനിടയിൽ, പിണറായിയുടെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയ പാർട്ടി പ്രവർത്തകരുടെ മുൻനിരയിൽ ബിനീഷ് കോടിയേരിയും ഉണ്ടായിരുന്നു എന്നത് കൗതുകകരമായ മറ്റൊരു വസ്തുതയായി മാറി.