പാർട്ടിക്കേറ്റ തിരിച്ചടികൾക്ക് പിന്നാലെ സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ശക്തമായ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് വെട്ടിനിരത്തി. പാർട്ടി അണികളിൽ നിന്നും കീഴ്ഘടകങ്ങളിൽ നിന്നും ഉയർന്നുവന്ന കടുത്ത വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്നാണ് നേതൃമാറ്റമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് പൂർണ്ണമായും ഒഴുവാക്കിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരെ ഉയർന്ന വ്യക്തിപരവും നയപരവുമായ ഗുരുതര വീഴ്ചകളെക്കുറിച്ചുള്ള പരാമർശങ്ങൾ മയപ്പെടുത്താനും ഒഴിവാക്കാനും നേതൃത്വം കാട്ടിയ അമിത ജാഗ്രത പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
എന്നാൽ, വീഴ്ചകൾ മൂടിവെച്ചുകൊണ്ടുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഈ റിപ്പോർട്ടുമായി കീഴ്ഘടകങ്ങളിലേക്ക് പോകാൻ കഴിയില്ലെന്ന കർശന നിലപാടാണ് സംസ്ഥാന സമിതി സ്വീകരിച്ചത്. യഥാർത്ഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാതെയുള്ള റിപ്പോർട്ട് അണികൾ അംഗീകരിക്കില്ലെന്നും അതിനാൽ കൃത്യമായ തിരുത്തലുകൾ വേണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സമ്മർദ്ദം ശക്തമായതോടെ, റിപ്പോർട്ടിൽ ആവശ്യമായ മാറ്റങ്ങളും തിരുത്തലുകളും വരുത്താമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സമ്മതിക്കേണ്ടി വന്നു. തങ്ങൾക്ക് വീഴ്ച സംഭവിച്ചതായി ബോധ്യമുണ്ടെന്നും അത് തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം സംസ്ഥാന സമിതി യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനായി ഉടനെയെങ്ങും ഒരു പാർട്ടി പ്ലീനം ഉണ്ടാകില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതിന് പകരമായി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ കൂടി പങ്കെടുക്കുന്ന വിപുലമായ വിശാല സംസ്ഥാന സമിതി യോഗം വരുന്ന ഓഗസ്റ്റ് മാസത്തിൽ ചേരാനാണ് പാർട്ടി തീരുമാനം. നേതൃമാറ്റ ചർച്ചകൾ താൽക്കാലികമായി അടിച്ചമർത്തപ്പെട്ടതോടെ, പാർട്ടിയിൽ ഉടനടി വലിയ അഴിച്ചുപണികൾക്കോ നേതൃമാറ്റത്തിനോ ഉള്ള സാധ്യത മങ്ങിയിരിക്കുകയാണ്. എങ്കിലും ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന വിശാല സമിതി യോഗം പാർട്ടിയുടെ ഭാവി നയരൂപീകരണത്തിൽ നിർണ്ണായകമാകും.