"വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതിന് ആര് മറുപടി പറയും?; നിയമം കൊണ്ടുവന്നത് തട്ടിപ്പ് തടയാനല്ല, വിദ്യാർത്ഥി രോഷം തണുപ്പിക്കാൻ": കേന്ദ്ര സർക്കാരിനെതിരെ രാജ്യസഭയിൽ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ
ലോക്‌സഭ പാസാക്കിയ പരീക്ഷാ തട്ടിപ്പ് തടയൽ ഭേദഗതി ബിൽ മൂലകാരണങ്ങൾ പരിഹരിക്കുന്നതിന് പകരം പ്രക്ഷോഭകാരികളായ വിദ്യാർത്ഥികളെ തണുപ്പിക്കാൻ മാത്രമുള്ളതാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. കടുത്ത ശിക്ഷകളും പിഴകളും ഫാസ്റ്റ് ട്രാക്ക് കോടതികളും മാത്രം കൊണ്ട് തട്ടിപ്പ് തടയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും നിലവിലുള്ള സംവിധാനങ്ങളുടെ ഘടനാപരമായ മാറ്റങ്ങളുമാണ് പ്രധാനം. സ്ഥാപനങ്ങളുടെയും പരീക്ഷാ രീതികളുടെയും ഉത്തരവാദിത്തം ഉറപ്പാക്കാത്തിടത്തോളം കാലം ചോർച്ച തുടരുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പരീക്ഷ ചോർച്ച വിദ്യാർത്ഥികളോടും അവരുടെ കുടുംബങ്ങളോടും കാണിക്കുന്ന വഞ്ചനയാണെന്ന് ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ തന്നെ ഈ വിഷയം ഉന്നയിച്ചിരുന്നതായും 2024-ൽ ആദ്യ നിയമം കൊണ്ടുവന്നപ്പോൾ തന്നെ ശക്തമായ വ്യവസ്ഥകൾ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധമാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിക്കും പുതിയ ഭേദഗതിക്കും കാരണമായത്. സ്വന്തം പദവി സംരക്ഷിക്കാനാണ് പ്രധാനമന്ത്രി മുൻ മന്ത്രിയെ ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോട് ചർച്ചയ്ക്ക് തയ്യാറാകാതെ അവരെ 'ദേശവിരുദ്ധർ' എന്ന് മുദ്രകുത്തുകയും ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ച് ദ്രോഹിക്കുകയുമാണ് സർക്കാർ ചെയ്തതെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ചർച്ച നടക്കുമ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ ഇല്ലാത്തതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വിദ്യാർത്ഥികൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്ക് ഉത്തരവാദികൾ ആരാണെന്ന് വ്യക്തമാക്കാൻ സാധിച്ചില്ലെങ്കിൽ ആഭ്യന്തരമന്ത്രി രാജി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് നടപടികളെയും മുൻകാലങ്ങളിലെ പരീക്ഷാ ചോർച്ച കേസുകളിൽ കുറ്റാരോപിതർ രക്ഷപ്പെട്ടതിനെയും ഖാർഗെ ചൂണ്ടിക്കാണിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.