തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ കനക്കാന്‍ കാരണം. ഇതിന്റെ സ്വാധീനത്താല്‍ പൊതുവെ നേരിയതോ മിതമായതോ ആയ മഴയ്‌ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും പ്രതീക്ഷിക്കാം. ഈ മാസം 25 വരെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ അടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
വിവിധ ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും 25-ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് യെല്ലോ അലര്‍ട്ട് നല്‍കുന്നത്. മഴയ്ക്ക് പുറമെ, 'കള്ളക്കടല്‍' പ്രതിഭാസത്തിന്റെ ഭാഗമായി തീരദേശങ്ങളില്‍ ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
നാളെ രാത്രി 11.30 വരെ കേരള തീരത്ത് 0.9 മുതല്‍ 1.3 മീറ്റര്‍ വരെയും, കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 2.30 വരെ 1.3 മുതല്‍ 1.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെട്ടേക്കാം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ ഉള്ളവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും, ഹാര്‍ബറുകളില്‍ യാനങ്ങള്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; തിരുവോണം വരെ ഇടിമിന്നലോടെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്