ന്യൂഡല്‍ഹി: രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കൊള്ള പുറത്തുവന്നതോടെ, മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ ധ്രുവീകരണത്തിനായി ഉപയോഗിച്ചവർ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടതായി കോൺഗ്രസ് പ്രവർത്തക സമിതി വിലയിരുത്തി. ഇതിനെതിരെ ശക്തമായ രാജ്യവ്യാപക പ്രക്ഷോഭത്തിന് രൂപം നൽകാൻ പാർട്ടി തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ 'ചൗപാൽ' സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രധാനമന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ച ട്രസ്റ്റ് ആയതിനാൽ ഇത് ഉത്തർപ്രദേശിലെ മാത്രം വിഷയമല്ലെന്നും അതീവ ഗൗരവമുള്ള ദേശീയ വിഷയമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
യുവജനക്ഷേമവും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പരിഷ്കാരങ്ങളും
രാഹുൽ ഗാന്ധിയുടെ 'ഛാത്രോം കീ ഗൂഞ്ച്' പരിപാടി രാജ്യത്തെ 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചു. ഇതിനുപുറമേ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ മേഖലയും പരീക്ഷാ സംവിധാനങ്ങളും സമഗ്രമായി ഉടച്ചുവർക്കുന്നതിനുള്ള കർമ്മപദ്ധതി ഒരു മാസത്തിനകം സമർപ്പിക്കാൻ നാല് മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൈനീസ് അധിനിവേശത്തിലും വിദേശനയത്തിലും വിമർശനം
മോദി സർക്കാർ യു.എസിന് പിന്നാലെ ചൈനയ്ക്ക് മുന്നിലും നിരന്തരം കീഴടങ്ങുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. 2020 ജൂണിൽ പ്രധാനമന്ത്രി നൽകിയ ക്ലീൻ ചിറ്റ് മുതലെടുത്താണ് അരുണാചൽ പ്രദേശിൽ ചൈന വീണ്ടും അധിനിവേശവും അടിസ്ഥാന സൗകര്യ വികസനവും നടത്തുന്നത്. അതിർത്തിയിൽ ഭടന്മാർ രക്തസാക്ഷിത്വം വരിക്കുമ്പോഴും ചൈനയുമായുള്ള വ്യാപാരം കുത്തനെ വർധിക്കുകയാണെന്ന് പ്രവർത്തക സമിതി ചൂണ്ടിക്കാട്ടി.
മല്ലികാർജുൻ ഖാർഗെയെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധം
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദി ബി.ജെ.പി പുണ്യാഹം തളിച്ച സംഭവത്തെ സി.ഡബ്ല്യു.സി രൂക്ഷമായി അപലപിച്ചു. ആർ.എസ്.എസിന്റെ സവർണ മനഃസ്ഥിതിയാണ് ഇതിന് പിന്നിലെന്നും, ഖാർഗെയെ നിരന്തരം അപമാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സംഭവത്തിൽ മാപ്പുപറയണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
പാർട്ടി പുനഃസംഘടനയും തിരഞ്ഞെടുപ്പ് അവലോകനവും
രാജ്യത്ത് ഡി.സി.സി പുനഃസംഘടന 74 ശതമാനം പൂർത്തിയായതായി യോഗം വിലയിരുത്തി. 787 ഡി.സി.സികളും, 66% ബ്ലോക്ക് കമ്മിറ്റികളും, 52% മണ്ഡലം കമ്മിറ്റികളും നിലവിൽ വന്നു. ജില്ല മുതൽ ബൂത്ത് തലം വരെ 15 ലക്ഷത്തിലധികം ഭാരവാഹികളെ നിയമിച്ചു കഴിഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പിൽ മുന്നണിക്ക് മികച്ച വിജയം സമ്മാനിച്ച ജനങ്ങളെ പ്രവർത്തക സമിതി പ്രത്യേകമായി അഭിനന്ദിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അഭിനന്ദനം. കൂടാതെ, തമിഴ്‌നാട്ടിൽ ബി.ജെ.പിയെ തടയാനായതും വിലയിരുത്തി. ലോക്‌സഭയിൽ മൂന്നിലൊന്ന് വനിതാ സംവരണം ഉടൻ നടപ്പാക്കണമെന്നാണ് കോൺഗ്രസ് നിലപാടെന്നും യോഗം വ്യക്തമാക്കി.