നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നിൽ ഭൂരിപക്ഷ വർഗീയതയോട് പാർട്ടി സ്വീകരിച്ച മൃദുസമീപനമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നു. മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വലിയ തോതിൽ ചോരാൻ കാരണമായത് പാർട്ടി നേതാക്കളുടെ ഇത്തരം 'അഴകൊഴമ്പൻ' നിലപാടുകളാണെന്ന വിമർശനം ശക്തമാണ്. വെള്ളാപ്പള്ളി നടേശനോട് സ്വീകരിച്ച നയം തെറ്റായിരുന്നുവെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ ഇനിയും കടുപ്പിക്കണമെന്നും വർഗീയ വിരുദ്ധ നിലപാടുകൾ കൂടുതൽ കർശനമാക്കണമെന്നും കമ്മിറ്റിയിൽ ആവശ്യമുയർന്നു. കേവലം തൊലിപ്പുറത്തുള്ള ചികിത്സകൾ കൊണ്ട് നിലവിലെ ആഴത്തിലുള്ള പ്രതിസന്ധി മറികടക്കാനാവില്ലെന്ന തിരിച്ചറിവിലാണ് നേതൃത്വം.
തിരഞ്ഞെടുപ്പ് പരാജയങ്ങൾ പാർട്ടിക്ക് പുത്തരിയല്ലെങ്കിലും ഇത്തവണ ഭരണ-സംഘടനാ നേതൃത്വങ്ങളുടെ വീഴ്ചകളാണ് ജനരോഷത്തിന് കാരണമായതെന്ന ഗൗരവമായ വിലയിരുത്തലിലാണ് സംസ്ഥാന കമ്മിറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഭരണനേതൃത്വത്തിന്റെ പെരുമാറ്റവും, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള സംഘടനാ നേതാക്കളുടെ ശരീരഭാഷയും വാവിട്ട വാക്കുകളുമാണ് പാർട്ടിയുടെ പതനത്തിന് ആക്കം കൂട്ടിയത്. നയപരമായ സമീപനങ്ങളിലും സംഘടനാ തലത്തിലും അടിമുടി പാളിച്ചകൾ സംഭവിച്ചതായി യോഗത്തിൽ വിമർശനമുയർന്നു. ഈ കണ്ടെത്തലുകൾ വരും ദിവസങ്ങളിൽ കീഴ് ഘടകങ്ങളിൽ വിശദമായി ചർച്ച ചെയ്യും.
പാർട്ടിയുടെ അനിഷേധ്യ കോട്ടയായ കണ്ണൂരിലുണ്ടായ വൻ തോൽവിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സംസ്ഥാന കമ്മിറ്റിയിൽ കുറ്റസമ്മതം നടത്തേണ്ടി വന്നു. എന്നാൽ, സ്വന്തം ഭാര്യയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച വേളയിൽ ഈ യാഥാർഥ്യബോധം എവിടെയായിരുന്നുവെന്ന കടുത്ത മറുചോദ്യമാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഗോവിന്ദന് നേരെ ഉയർത്തുന്നത്. കൂടുതൽ വിപുലമായ ചർച്ചകൾക്കായി ഓഗസ്റ്റ് മാസത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വിശാല സംസ്ഥാന കമ്മിറ്റി വിളിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാൻ ഇന്ന് വൈകിട്ട് നാല് മണിക്ക് എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കാണുമ്പോൾ വിമർശനങ്ങൾ തുറന്നുപറയുമോ അതോ ഒഴിഞ്ഞുമാറുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.