"ഇത് രാഷ്ട്രീയ രേഖയല്ല, മിഥ്യാധാരണകൾ പൊളിച്ചെഴുതുന്ന സത്യം"; ധവളപത്രത്തിൽ ബാലഗോപാലിന് മറുപടിയുമായി മുഖ്യമന്ത്രി
മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. രേഖകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്നും മന്ത്രിസഭയുടെ കൃത്യമായ അംഗീകാരത്തോടെയാണ് ധവളപത്രം പുറത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിന്റെ പ്ലാൻ രേഖകളിലുള്ള വിവരങ്ങൾ മൂന്ന് വിദഗ്ധരടങ്ങുന്ന സംഘം കൃത്യമായി വിലയിരുത്തിയാണ് ധനവകുപ്പ് ഈ റിപ്പോർട്ട് തയാറാക്കിയത്. ഇത് കേവലമൊരു രാഷ്ട്രീയ രേഖയല്ലെന്നും, മറിച്ച് കഴിഞ്ഞ കുറച്ചുകാലമായി കെട്ടിപ്പൊക്കിയ മിഥ്യാധാരണകൾ പൊളിച്ചടുക്കുന്ന സത്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭാവി കേരളം കെട്ടിപ്പടുക്കാനുള്ള അടിസ്ഥാന രേഖയായി ഈ ധവളപത്രം മാറും.
കഴിഞ്ഞ പത്തുവർഷത്തെ സർക്കാരിന്റെ കാലത്തുണ്ടായ വരുമാനച്ചോർച്ചയും ധൂർത്തും ഈ ധവളപത്രത്തിലൂടെ പൊതുജനങ്ങൾക്ക് മുന്നിലെത്തും. കിഫ്ബി വരുത്തിവെച്ച വലിയ സാമ്പത്തിക ബാധ്യതകൾ, നികുതി പിരിവിലെ ഗുരുതരമായ വീഴ്ചകൾ എന്നിവ ധവളപത്രത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കൂടാതെ കേന്ദ്ര സർക്കാരിൽ നിന്ന് വിവിധ ഇനങ്ങളിലായി സംസ്ഥാനത്തിന് ലഭിച്ച തുക എത്രയാണ്, അത് എങ്ങനെയൊക്കെ ചെലവഴിച്ചു, ഏതൊക്കെ ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചു തുടങ്ങിയ നിർണായക വിവരങ്ങളും ഇതിലൂടെ പുറത്തുവരും. സർക്കാർ ഖജനാവിന്റെ ഇപ്പോഴത്തെ കൃത്യമായ അവസ്ഥ എന്തെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
"കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സാമ്പത്തിക വീഴ്ചകൾക്ക് കൃത്യമായ മറുപടി നൽകുന്ന, വിസ്മയിപ്പിക്കുന്ന ഒരു ധവളപത്രം വരുന്നുണ്ട്" എന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിൽ നിന്ന് മുൻപ് എന്ത് കിട്ടിയിരുന്നു, ഇപ്പോൾ എന്ത് കിട്ടുന്നില്ല എന്നതിനെക്കുറിച്ചെല്ലാം ധവളപത്രത്തിൽ വ്യക്തമായ കണക്കുകളുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.