ചൈനയിൽ കഥകളിയുടെ അരങ്ങുണരും; പഠനകേന്ദ്രവുമായി ചെറുതുരുത്തി കഥകളി സ്കൂൾ
വടക്കാഞ്ചേരി (തൃശ്ശൂർ): ചൈനയിൽ കഥകളി പഠനകേന്ദ്രം ആരംഭിക്കാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ ഒരുങ്ങുന്നു. ചൈനീസ് സർക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച് ചാങ്ക്ഷാ ഷിൻസി കൾച്ചറൽ കമ്പനിയുമായി സഹകരിച്ചാണ് പഠനകേന്ദ്രം ആരംഭിക്കുന്നത്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചെറുതുരുത്തി കഥകളി സ്കൂൾ.
പഠനകേന്ദ്രം ആരംഭിക്കുന്നതിന്റെ മുന്നോടിയായി കഥകളി സ്കൂൾ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. കഥകളി കലാകാരന്മാരായ കലാമണ്ഡലം ഒ. അനന്തു (കൊല്ലം), കലാമണ്ഡലം അജീഷ് ബാബു (മലപ്പുറം), കലാമണ്ഡലം കെ. എം. അനന്തു (പത്തനംതിട്ട), കലാമണ്ഡലം സായന്ത് (മുള്ളേരിയ, കാസർകോട്) എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചൈനയിലെ പഠനകേന്ദ്രത്തിന്റെ പ്രവർത്തനം.
കലാകാരന്മാരുടെ സംഘം വെള്ളിയാഴ്ച ചൈനയിലേക്ക് യാത്രതിരിക്കും. ഒരു വർഷം നീളുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സോദാഹരണ പ്രഭാഷണങ്ങൾ, കഥകളി അവതരണങ്ങൾ എന്നിവ സംഘടിപ്പിക്കും. കഥകളിയുടെ അടിസ്ഥാനവും അവതരണരീതികളും ചൈനീസ് വിദ്യാർഥികൾക്കും കലാസ്വാദകർക്കും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
മോഹിനിയാട്ടം, കളരിപ്പയറ്റ് തുടങ്ങിയ കേരളീയ കലാരൂപങ്ങളുടെ പരിശീലനം ആരംഭിക്കുന്നതിനും ചൈനീസ് സാംസ്‌കാരിക വകുപ്പ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ കലാകാരന്മാർ ചെറുതുരുത്തി കഥകളി സ്കൂളിലെത്തി പരിശീലനം നേടുന്നതിനുള്ള സാധ്യതകളും ഇതിലൂടെ വർധിക്കുമെന്നാണ് പ്രതീക്ഷ.
ഡൽഹിയിലെ കേന്ദ്ര സർക്കാരിന്റെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐ.സി.സി.ആർ.) മുഖേന കഥകളി സ്കൂൾ നേരത്തെയും ചൈനയിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ പഠനകേന്ദ്രം കേരളത്തിന്റെ പാരമ്പര്യ കലാരൂപമായ കഥകളിക്ക് ചൈനയിൽ കൂടുതൽ പ്രചാരം നേടുന്നതിനുള്ള വേദിയാകുമെന്നാണ് വിലയിരുത്തൽ.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.