Logo
Thu, Jul 09, 2026 • 01:54 AM
LIVE TV
Watch

No business videos available

No Middle East videos available

"അന്ന് കൂടെയുണ്ടായിരുന്ന പലരും ഇന്നില്ല..."കിരീടം 4K പ്രിവ്യൂ ഷോയിൽ കണ്ണ് നിറഞ്ഞ് മോഹൻലാൽ, വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 08, 2026
1 min read
SHARE:
SAVE: Login to save

"അന്ന് കൂടെയുണ്ടായിരുന്ന പലരും ഇന്നില്ല..."കിരീടം 4K പ്രിവ്യൂ ഷോയിൽ കണ്ണ് നിറഞ്ഞ് മോഹൻലാൽ, വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാള ചലച്ചിത്ര ചരിത്രത്തിലെ ഇതിഹാസ കാവ്യമായ 'കിരീടം' പുത്തൻ ദൃശ്യമികവോടെ തിയേറ്ററുകളിൽ റീ-റിലീസിന് ഒരുങ്ങുന്നു. റിലീസിന് മുന്നോടിയായി കൊച്ചിയിൽ നടന്ന പ്രത്യേക 4K പ്രിവ്യൂ ഷോയ്ക്കിടെ ചിത്രത്തിന്റെ ഓർമ്മകളിൽ നടൻ മോഹൻലാൽ വികാരാധീനനായി. 37 വർഷങ്ങൾക്ക് ശേഷം സിനിമ വീണ്ടും സ്ക്രീനിൽ കണ്ടപ്പോൾ ഒരേസമയം സന്തോഷവും സങ്കടവും തോന്നിയെന്നും ചിത്രത്തിൽ ഒപ്പമുണ്ടായിരുന്ന ഒരുപാട് പേർ ഇന്ന് കൂടെയില്ലെന്ന ഓർമ്മ കണ്ണ് നിറച്ചെന്നും മോഹൻലാൽ പങ്കുവെച്ചു.പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ ആരാധകരോടും മാധ്യമങ്ങളോടും സംസാരിക്കവെയാണ് താരം വികാരാധീനനായത്.

"എന്റെ ജീവിതത്തിൽ വളരെ അപൂർവമായി സംഭവിക്കാവുന്ന ഒരു കാര്യമാണിത്. 48 വർഷത്തെ സിനിമാ അഭിനയത്തിൽ എടുത്തുപറയാവുന്ന സിനിമകളിൽ ഒന്നാണ് കിരീടം. എനിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം തന്ന സിനിമയുടെ സംവിധായകൻ സിബി മലയിലിന് നന്ദി. എന്റെ രണ്ടാമത്തെ ദേശീയ പുരസ്‌കാരവും സിബിയുടെ സിനിമയിലായിരുന്നു (ഭരതം)," മോഹൻലാൽ ഓർമ്മിച്ചു.

"കൂടെയുണ്ടായിരുന്ന ഒരുപാട് പേരെ സ്‌ക്രീനിൽ കാണുമ്പോൾ പെട്ടെന്ന് 37 വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചു. തിലകൻ ചേട്ടൻ, മുരളി, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, കീരിക്കാടൻ ജോസ് (മോഹൻരാജ്), കവിയൂർ പൊന്നമ്മ, ഫിലോമിന, കുണ്ടറ ജോണി, ശ്രീനാഥ്, കനകലത തുടങ്ങി ഒരുപാട് പേർ നമ്മളെ വിട്ടുപോയി. ഇങ്ങനെയൊരു സിനിമയെടുക്കാൻ ഇങ്ങനെയുള്ള ആളുകളൊന്നും നമ്മുടെ കൂടെയില്ലല്ലോ എന്ന് ഞാൻ സിബിയോട് ചോദിച്ചു. അതിന്റെ വലിയ സങ്കടമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത 'കിരീടം' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

എസ്. കുമാറിന്റെ ചായാഗ്രഹണവും ജോൺസൺ മാസ്റ്ററുടെ സംഗീതവും എൽ. ഭൂമിനാഥന്റെ ചിത്രസംയോജനവും നിർവ്വഹിച്ച ചിത്രം പ്രസാദ് കോർപ്പ്, ഹൈ സ്റ്റുഡിയോസ് എന്നിവടങ്ങളിലാണ് 4K റീമാസ്റ്ററിങ് പൂർത്തിയാക്കിയത്. ഡോൺ മാക്സ് ആണ് ട്രെയ്ലർ കട്ടുകൾ ഒരുക്കിയത്. പി. ശിവപ്രസാദ് ആണ് ചിത്രത്തിന്റെ പിആർഓ.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10