‘അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവിയെ’: ഡൽഹിയിലെ വിദ്യാർഥി സമരത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെ വിമർശിച്ച് ടൊവിനോ തോമസ്
പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന പ്രക്ഷോഭത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് നടൻ ടൊവിനോ തോമസ്. രാജ്യത്തിന്റെ ഭാവിതലമുറ സമാധാനപരമായി സംസാരിക്കുമ്പോൾ അതിനെ അടിച്ചമർത്തുന്നത് നാളത്തെ ഭാവിയെത്തന്നെ ചവിട്ടിത്താഴ്ത്തുന്നതിന് തുല്യമാണെന്ന് ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചു. വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം
വിദ്യാർഥികൾ യാതൊരുവിധ അക്രമങ്ങളും നടത്താത്ത സാഹചര്യത്തിൽ അവരോട് ഇത്തരത്തിൽ പെരുമാറിയത് അപലപനീയമാണെന്ന് ടൊവിനോ ചൂണ്ടിക്കാട്ടി. രാജ്യത്ത് എവിടെയും സമാധാനപൂർവം പ്രതിഷേധിക്കുന്ന ഏത് വ്യക്തിക്കും ഹൃദയം നിറഞ്ഞ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി വ്യക്തമാക്കിയ താരം, തന്റെ ദേശീയബോധത്തെ ചോദ്യം ചെയ്യാൻ വരുന്നവരോട് 'മനുഷ്യത്വമാണ് തന്റെ രാഷ്ട്രീയം, സമാധാനത്തിലാണ് വിശ്വാസം' എന്ന് മറുപടി നൽകി.
രഞ്ജിനി ഹരിദാസും ദിയ സനയും ഡൽഹിയിൽ
അതേസമയം, പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബിഗ് ബോസ് മുൻ താരങ്ങളായ രഞ്ജിനി ഹരിദാസും ദിയ സനയും ഡൽഹി സമരവേദിയിലെത്തി. വിദ്യാഭ്യാസം ഏറ്റവും പ്രധാനപ്പെട്ട വിഷയമായതിനാലാണ് സിജെപിയുടെ സമരത്തിന് പിന്തുണയുമായി എത്തിയതെന്ന് രഞ്ജിനി വ്യക്തമാക്കി. സമരവേദിയിൽ നിന്ന് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്കിനെ ഏറെ അനാദരവോടെയും ക്രൂരമായുമാണ് പോലീസ് എടുത്തു കൊണ്ടുപോയതെന്നും, യൂണിഫോം പോലും ധരിക്കാത്ത ആളുകൾ വെള്ളത്തുണിയിൽ പൊതിഞ്ഞ് മൃതദേഹം കൊണ്ടുപോകുന്നതിന് സമാനമായ രീതിയിലാണ് അദ്ദേഹത്തോട് പെരുമാറിയതെന്നും രഞ്ജിനി വിമർശിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.