ചെന്നൈ: നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ വീണ്ടും പ്രമേയം പാസാക്കി. നീറ്റ് സാമൂഹിക നീതിക്കും സമത്വത്തിനും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രി കെ. അരുൺരാജ് പ്രമേയം അവതരിപ്പിച്ചത്.
ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പുറമെ അണ്ണാ ഡിഎംകെ, കോൺഗ്രസ്, പിഎംകെ, ഡിഎംഡികെ, ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ള പ്രധാന കക്ഷികൾ പ്രമേയത്തെ പിന്തുണച്ചു. എന്നാൽ പ്രമേയത്തെ എതിർത്ത ബിജെപിയുടെ ഏക എംഎൽഎ എം. ഭോജരാജൻ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള ഏകീകൃത നീറ്റ് പരീക്ഷ ഒഴിവാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നൽകുന്നതിനാവശ്യമായ കേന്ദ്ര നിയമഭേദഗതികൾ വരുത്തണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ ആവശ്യം.
ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും തമിഴ് മാധ്യമത്തിൽ പഠിക്കുന്നവർക്കും നീറ്റ് വലിയ തിരിച്ചടിയാണെന്നാണ് സർക്കാർ വാദം. 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഒറ്റ പ്രവേശന പരീക്ഷയെ അഭിമുഖീകരിക്കേണ്ടിവരുന്നത് വിദ്യാർഥികളിൽ കടുത്ത മാനസിക സമ്മർദമുണ്ടാക്കുന്നുവെന്നും ചെലവേറിയ സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങളെ ആശ്രയിക്കാൻ ഇത് പലരെയും നിർബന്ധിതരാക്കുന്നുവെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പ്രമേയത്തെ എതിർത്ത ബിജെപി എംഎൽഎ എം. ഭോജരാജൻ, നീറ്റ് ഒഴിവാക്കുന്നതിന് പകരം വിദ്യാർഥികൾക്ക് ആവശ്യമായ സൗജന്യ കോച്ചിങ് കേന്ദ്രങ്ങൾ സർക്കാർ ആരംഭിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. പൊള്ളാച്ചിയിലെ ഒരു സ്കൂളിൽനിന്ന് മാത്രം 10 വിദ്യാർഥികൾ നീറ്റ് വിജയിച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് പ്രമേയത്തിനെതിരായ പ്രതിഷേധ സൂചകമായി സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
2021ൽ തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കിയ ‘ആന്റി-നീറ്റ്’ ബില്ലിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം വേഗത്തിൽ ലഭ്യമാക്കണമെന്നും നിയമസഭ വീണ്ടും ആവശ്യപ്പെട്ടു.നീറ്റ് പരീക്ഷയുടെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് തമിഴ്നാട് സർക്കാർ തുടർച്ചയായി ഉയർത്തുന്ന എതിർപ്പിന്റെ ഭാഗമായാണ് പുതിയ പ്രമേയവും അവതരിപ്പിച്ചിരിക്കുന്നത്.
നീറ്റ് ഒഴിവാക്കണം; തമിഴ്നാട് നിയമസഭയിൽ വീണ്ടും പ്രമേയം, ബിജെപി എംഎൽഎ ഇറങ്ങിപ്പോയി