ന്യൂഡൽഹി: എക്സിൽനിന്ന് ഉള്ളടക്കത്തിലൂടെ വരുമാനം നേടുന്ന ക്രിയേറ്റർമാർക്ക് തിരിച്ചടിയായി പുതിയ മാറ്റം. മൂന്ന് വർഷമായി തുടരുന്ന Creator Revenue Sharing പദ്ധതി അവസാനിപ്പിച്ച്, പകരം ഒറിജിനൽ ഉള്ളടക്കത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ Original Content Rewards Program അവതരിപ്പിക്കാനാണ് എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് തീരുമാനിച്ചിരിക്കുന്നത്.
സെപ്റ്റംബർ ഏഴിന് നിലവിലെ റെവന്യൂ ഷെയറിങ് സംവിധാനം അവസാനിപ്പിക്കുമെന്നും സെപ്റ്റംബർ എട്ടുമുതൽ പുതിയ പ്രോഗ്രാം പ്രാബല്യത്തിൽ വരുമെന്നും കമ്പനി അറിയിച്ചതായാണ് റിപ്പോർട്ട്. കൂടുതൽ പോസ്റ്റുകളും ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്നതിനായി അവതരിപ്പിച്ചിരുന്ന നിലവിലെ സംവിധാനത്തിന് പകരമാണ് പുതിയ പ്രതിഫല രീതി.
ഇനി ഒറിജിനൽ ഉള്ളടക്കത്തിന് മാത്രം പ്രതിഫലം
നിലവിലെ സംവിധാനത്തിൽ പോസ്റ്റുകളുടെ ഇംപ്രഷനും ഇടപെടലുകളും അടിസ്ഥാനമാക്കി ക്രിയേറ്റർമാർക്ക് വരുമാനം ലഭിച്ചിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ സ്വന്തമായി സൃഷ്ടിക്കുന്ന ഒറിജിനൽ ഉള്ളടക്കത്തിന് ലഭിക്കുന്ന യോഗ്യതയുള്ള ഇംപ്രഷനുകൾക്കായിരിക്കും പ്രധാനമായും പ്രതിഫലം.
എഐ ഉപയോഗിച്ച് വൻതോതിൽ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളും ശ്രദ്ധ നേടുന്നതിനായി മാത്രം പങ്കുവെക്കുന്ന നിലവാരമില്ലാത്ത പോസ്റ്റുകളും കുറയ്ക്കുക എന്ന ലക്ഷ്യവും മാറ്റത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
റെവന്യൂ ഷെയറിങ് സംവിധാനത്തെ ചില ഉപയോക്താക്കൾ കൂടുതൽ വരുമാനം നേടുന്നതിനായി ദുരുപയോഗം ചെയ്തുവെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു. ഇംപ്രഷനുകളും ഇടപെടലുകളും കൃത്രിമമായി വർധിപ്പിച്ച് വരുമാനം നേടാനുള്ള ശ്രമങ്ങൾ തടയുന്നതിനും പുതിയ സംവിധാനം ലക്ഷ്യമിടുന്നു.
ക്രിയേറ്റർമാരുടെ വരുമാന സാധ്യത കുറയും?
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ നിലവിൽ എക്സിൽനിന്ന് വരുമാനം നേടുന്ന ക്രിയേറ്റർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് ടെക് രംഗത്തെ വിലയിരുത്തൽ. നിലവിലെ പ്രീമിയം ക്രിയേറ്റർമാരിൽ വലിയൊരു വിഭാഗത്തിന് പുതിയ മാനദണ്ഡങ്ങൾ പാലിച്ച് വരുമാനം നേടുന്നത് ബുദ്ധിമുട്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുതിയ സംവിധാനത്തിൽ ഇംപ്രഷൻ യോഗ്യതയ്ക്കുള്ള പരിധി കുറച്ചിട്ടുണ്ടെങ്കിലും, വരുമാനത്തിനായി പരിഗണിക്കുന്ന ഇംപ്രഷനുകളുടെ ഉറവിടം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കും. പ്രത്യേകിച്ച് പണമടച്ച് സേവനം ഉപയോഗിക്കുന്ന ഉപയോക്താക്കളിൽനിന്നുള്ള ഇംപ്രഷനുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും.
പഴയ ക്രിയേറ്റർമാർക്കും വീണ്ടും അപേക്ഷിക്കണം
നിലവിലെ റെവന്യൂ ഷെയറിങ് പദ്ധതിയിൽ അംഗങ്ങളായിരുന്ന ക്രിയേറ്റർമാർക്ക് പുതിയ പദ്ധതിയിലേക്ക് സ്വമേധയാ യോഗ്യത ലഭിക്കില്ല. പുതിയ മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും അപേക്ഷിക്കേണ്ടിവരും.
നിലവിലെ പദ്ധതിയുടെ ഭാഗമായി ലഭിക്കാനുള്ള അവസാന പേയ്‌മെന്റുകൾ ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇനി ‘വൈറൽ’ ആകുന്നത് മാത്രം പോരാ
പുതിയ മാറ്റത്തോടെ വെറും ഇംപ്രഷൻ വർധിപ്പിക്കാനോ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനോ വേണ്ടി പോസ്റ്റുകൾ പങ്കുവെക്കുന്ന രീതിക്ക് തിരിച്ചടിയാകും. ഒറിജിനൽ ആശയങ്ങൾ, വിശ്വസനീയമായ ഉള്ളടക്കം, സ്ഥിരതയുള്ള ക്രിയേറ്റർ ബ്രാൻഡ് എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, പുതിയ നിയമങ്ങൾ വന്നാലും അൽഗോരിതത്തെ കൃത്രിമമായി സ്വാധീനിച്ച് സംവിധാനത്തെ ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങൾ തുടർന്നേക്കാമെന്ന ആശങ്കയും ക്രിയേറ്റർമാർക്കിടയിലുണ്ട്. ഒറിജിനൽ ഉള്ളടക്കത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി പുനഃപ്രസിദ്ധീകരിക്കുന്നതുപോലുള്ള രീതികൾ തടയുന്നതിൽ പുതിയ സംവിധാനം എത്രത്തോളം ഫലപ്രദമാകുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.
എക്സിൽ നിന്ന് ഇനി എളുപ്പം പണം നേടാനാകില്ല; റെവന്യൂ ഷെയറിങ് അവസാനിപ്പിക്കുന്നു, പുതിയ നിയമങ്ങളുമായി X