മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ പതിമൂന്നുകാരനായ ജുനൈദ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടു. വീടിന് സമീപത്തെ വയലിലുണ്ടായ അപകടത്തിലാണ് ജുനൈദിന് ജീവൻ നഷ്ടമായത്. വയലിന്റെ ഭാഗത്തുള്ള വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയിൽ സ്പർശിച്ച ഉടൻ തന്നെ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം. പ്രദേശത്ത് ഷോക്കേൽക്കാനുള്ള സാധ്യതയുണ്ടെന്ന് കാണിച്ച് നേരത്തെ പരാതി നൽകിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ രൂക്ഷമായ തർക്കവുമുണ്ടായി. വിവരമറിഞ്ഞ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കുട്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും, സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് വസ്തുതാ റിപ്പോർട്ട് സമർപ്പിക്കാൻ തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എൻജിനീയറോട് (ഡെപ്യൂട്ടി സി.ഇ) നിർദ്ദേശിക്കുകയും ചെയ്തു.
ഒരു വർഷത്തിലധികമായി ഉപയോഗശൂന്യമായി കിടക്കുന്നതും അറ്റകുറ്റപ്പണികൾ നടത്താത്തതുമായ വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും, കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അപകടസാധ്യത സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നോ എന്നും, അത് കൃത്യസമയത്ത് പരിഹരിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്നും അന്വേഷണ പരിധിയിൽ വരും. ദാരുണമായി മരണപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് വൈദ്യുതി ബോർഡിന്റെ ഭാഗത്തുനിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും മന്ത്രി ഉത്തരവിട്ടു.
തിരൂരങ്ങാടിയിൽ പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി; അർഹമായ നഷ്ടപരിഹാരം നൽകും