ത്രില്ലറിനൊപ്പം പ്രണയവും പ്രതികാരവും സമന്വയിപ്പിച്ച് പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കാനൊരുങ്ങുന്ന ‘സ്പ്രിംഗ്’ (Spring) എന്ന ചിത്രം ഒക്ടോബർ 30ന് തിയേറ്ററുകളിലേക്ക്. റിലീസിന് മുന്നോടിയായി സിനിമാസ്വാദകർക്കായി ആകർഷകമായ റീൽസ് ചലഞ്ചും സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിത്രത്തിലെ "കണ്ണാടി പെണ്ണേ..." എന്ന ഗാനത്തിന് റീൽസ് ചെയ്യുകയും, അത് അണിയറപ്രവർത്തകർ പുറത്തുവിട്ട ലിങ്കുമായി കൊളാബ് (Collab) ചെയ്ത് പോസ്റ്റ് ചെയ്യുകയുമാണ് വേണ്ടത്. ഏറ്റവും കൂടുതൽ റീച്ചും പ്രേക്ഷക ശ്രദ്ധയും നേടുന്ന റീൽസിന് ഒന്നാം സമ്മാനമായി പതിനായിരം രൂപ ക്യാഷ് പ്രൈസ് ലഭിക്കും.
ശ്രദ്ധേയമായ മറ്റൊരു സവിശേഷത ചിത്രത്തിന്റെ സംവിധായകനാണ്. കഴിഞ്ഞ 12 വർഷമായി പരസ്യ ചിത്രരംഗത്ത് സജീവ സാന്നിധ്യമായ നവാഗതനായ ശ്രീലാൽ നാരായണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. 80 ശതമാനത്തോളം ശാരീരിക വൈകല്യങ്ങൾ നേരിടുമ്പോഴും, അതൊന്നും തടസ്സമാക്കാതെ തന്റെ സിനിമ എന്ന വലിയ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ശ്രീലാൽ.
ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റ്, ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, ശ്രീലാൽ എം. എൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉണ്ണി ലാലു, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ, ഉണ്ണി രാജ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
സുനിൽ ജി. പ്രകാശൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന് സിനോജ് അയ്യപ്പൻ ഛായാഗ്രഹണവും അലോഷ്യ പീറ്റർ സംഗീതസംവിധാനവും നിർവ്വഹിക്കുന്നു. പി.ആർ.ഒ: പി. ശിവപ്രസാദ്.
‘സ്പ്രിംഗ്’ റീലുകൾക്ക് ക്യാഷ് പ്രൈസ്! ശ്രീലാൽ ഒരുക്കുന്ന ചിത്രം ഒക്ടോബർ 30ന് തിയേറ്ററുകളിൽ