Logo
Sat, Sep 05, 2026 • 02:13 PM
LIVE TV
Watch

No business videos available

No Middle East videos available

‘പദവിയുടെ മഹത്വം മറക്കരുത്’; വിസിമാർക്കെതിരെ പരോക്ഷ വിമർശനവുമായി റോജി എം. ജോൺ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 05, 2026
1 min read
SHARE:
SAVE: Login to save

‘പദവിയുടെ മഹത്വം മറക്കരുത്’; വിസിമാർക്കെതിരെ പരോക്ഷ വിമർശനവുമായി റോജി എം. ജോൺ

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർമാർക്കെതിരെ പരോക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പദവിയുടെ മഹത്വം വിസ്മരിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. അധ്യാപക ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

വിഭജന അജണ്ടകൾ മുന്നോട്ടുവയ്ക്കുന്ന സംഘടനകളുടെ വേദികളിലേക്ക് അക്കാദമിക് സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ സ്വയം ചുരുങ്ങുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് മന്ത്രി പറഞ്ഞു. അക്കാദമിക് സ്വയംഭരണത്തിന്റെ പ്രിവിലേജ് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുന്നിൽ അടിയറവയ്ക്കുന്ന ഇത്തരം പ്രവണതകൾ വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തസ്സത്തയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘപരിവാർ സംഘടനകളുടെ പരിപാടികളിൽ പങ്കെടുത്ത സർവകലാശാല വൈസ് ചാൻസലർമാരെ ലക്ഷ്യമിട്ടുള്ള വിമർശനമായാണ് മന്ത്രിയുടെ പരാമർശം വിലയിരുത്തപ്പെടുന്നത്. അക്കാദമിക് സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മന്ത്രി നേരത്തെയും വിമർശിച്ചിരുന്നു. സംഭവത്തിൽ തെറ്റുപറ്റിയെന്ന് വിസിമാർ പൊതുസമൂഹത്തോട് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംഘപരിവാർ സംഘടനകൾ ആരംഭിച്ച് 100 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനൊപ്പം കേരളത്തിലെ മൂന്ന് സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതാണ് വിവാദമായത്.

കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ്, എംജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡി. മാവൂത്ത് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. ഗവർണർ രാജേന്ദ്ര അർലേക്കർ നിയോഗിച്ച വിസിമാരാണ് മൂന്നുപേരും.

കേരളത്തിലെ സർവകലാശാലകളിൽ സംഘപരിവാർ ആശയങ്ങളുടെ സ്വാധീനം വർധിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നുവെന്ന രാഷ്ട്രീയ ആരോപണങ്ങൾക്കിടെയാണ് വിസിമാരുടെ പരിപാടിയിലെ പങ്കാളിത്തം വിവാദമായത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10