ഇത് മമ്മൂട്ടിയുടെ ഭ്രമയുഗം! കൊടുമണ്‍ പോറ്റിയിലൂടെ നാലാം ദേശീയ പുരസ്കാരം; അഭിമാനം
മലയാളത്തിന്‍റെ മമ്മൂട്ടി കൊടുമൺ പോറ്റിയായി അഭ്രപാളിയിൽ പകർന്നാടിയപ്പോൾ മലയാള സിനിമയ്ക്കും കേരളക്കരയ്ക്കും ഒരു പൊൻകിരീടം കൂടിയാണ് ലഭിച്ചിരിക്കുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം ഇത് നാലാം തവണയാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. പോറ്റിയിലൂടെ മലയാള സിനിമയ്ക്ക് വിസ്മയങ്ങള്‍ സമ്മാനിച്ച മമ്മൂക്കയുടെ അതുല്യ പ്രതിഭയ്ക്കുള്ള ആദരം കൂടിയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം.
മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഭ്രമയുഗം'. കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടി പകർന്നാടിയപ്പോൾ താരത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു അഭിനയമുഖമാണ് പ്രേക്ഷകർക്ക് കാണാന്‍ കഴിഞ്ഞത്. മമ്മൂട്ടിയുടെ ഒരു പരകായപ്രവേശമായിരുന്നു പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ച ഭ്രമയുഗം. മമ്മൂട്ടി എന്ന നടനെ ആ പരിസരത്തെങ്ങും കാണാനേ കഴിഞ്ഞില്ല. പകരം കൊടുമണ്‍ പോറ്റിയും ചാത്തനും മാത്രം!
സിനിമാ വിദ്യാർത്ഥികൾക്ക് എക്കാലവും ഒരു റഫറന്‍സ് മെറ്റീരിയലാണ് മമ്മൂട്ടി അനശ്വരമാക്കിയ ഭ്രമയുഗം. ലോസാഞ്ചലസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. അക്കാദമിയുടെ വെയർ ദ ഫോറസ്റ്റ് മീറ്റ്സ് ദ സീ (Where the Forest Meets the Sea) എന്ന പ്രത്യേക വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രവും ഭ്രമയുഗമാണ്.
മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്കർ (1998) എന്നിവയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മുമ്പ് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചത്.
കഥാപാത്ര തെരഞ്ഞെടുപ്പിലൂടെയും സൂക്ഷ്മാഭിനയത്തിലൂടെയും ഏവരെയും ഞെട്ടിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിന്‍റെ മമ്മൂട്ടി ഇനിയും വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ടേയിരിക്കും. കാരണം അഭിനയമാണ് അയാളുടെ ആവേശം. നാലാം ദേശീയ പുരസ്കാരം അദ്ദേഹത്തിലെ അഭിനയകുതുകിയുടെ യാത്രയ്ക്ക് കൂടുതല്‍ ഊർജ്ജമേകും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.