Logo
Thu, Jul 09, 2026 • 11:54 AM
LIVE TV
Watch

No business videos available

No Middle East videos available

കൊച്ചിയുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം; ആലുവയിൽ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് സര്‍ക്കാര്‍ അനുമതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 09, 2026
1 min read
SHARE:
SAVE: Login to save

കൊച്ചിയുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം; ആലുവയിൽ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് സര്‍ക്കാര്‍ അനുമതി

കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ആലുവയിൽ 190 എം.എൽ.ഡി. ശേഷിയുള്ള അത്യാധുനിക കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് നിർമ്മിക്കുന്നതിനായി 523 കോടി രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അറിയിച്ചു. കൊച്ചി കോർപ്പറേഷനിലും സമീപത്തെ 5 മുനിസിപ്പാലിറ്റികളിലും 13 പഞ്ചായത്തുകളിലും ആവശ്യമായ തോതിൽ ശുദ്ധജലം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൊച്ചിയിലെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം ചേർന്നിരുന്നു. കേരള വാട്ടർ അതോറിറ്റി തയ്യാറാക്കിയ ഈ പ്രോജക്ട് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രത്യേക താല്പര്യമെടുത്ത് ജലവിഭവ വകുപ്പിന്റെ പ്രൊപ്പോസൽ അംഗീകരിച്ചതിനെ തുടർന്നാണ് ധനകാര്യ വകുപ്പ് 523 കോടി രൂപ അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ എംഎൽഎമാർ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുകളുടെ തുടർച്ചയായാണ് ഈ അടിയന്തര നടപടി.

മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പ്രവൃത്തിയും ഇതോടൊപ്പം പൂർത്തിയാക്കും. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് എംഎൽഎമാരും ജില്ലാ കളക്ടറും ഉൾപ്പെടുന്ന ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. കൂടാതെ തദ്ദേശ സ്ഥാപന പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ഉടൻ തന്നെ കൊച്ചിയിൽ ഒരു വിപുലമായ യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി അറിയിച്ചു.

എംഎൽഎമാരായ അൻവർ സാദത്ത്, ഉമ തോമസ്, ടി. ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ടോണി ചമ്മിണി എന്നിവരും ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സുഹാസ് എസ്. ഐ.എ.എസ്., വാട്ടർ അതോറിറ്റി എംഡി കെ. ഇമ്പശേഖർ ഐ.എ.എസ് തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10