കണ്ണൂർ സർവ്വകലാശാലയില്‍ ഷംസീറിന്‍റെ ഭാര്യയെ നിയമിക്കാൻ തിരക്കിട്ട നീക്കം ; പെരുമാറ്റച്ചട്ടം മറികടന്നുള്ള നീക്കത്തിനെതിരെ പരാതി
Jaihind TV News Report
Jaihind TV Web Desk
April 13, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാലയില്‍ അസിസ്റ്റൻറ് പ്രൊഫസറായി എ.എന്‍ ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാൻ തിരക്കിട്ട നീക്കം. നിയമനത്തിനു പിന്നിൽ സർക്കാരിൽ മാറ്റമുണ്ടാകുമെന്ന ആശങ്കയെന്ന് ആക്ഷേപം. നിയമനം തടയണമെന്നാവശ്യപ്പെട്ട് ഗവർണർക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും സേവ് യൂണിവേഴ്സിറ്റി സമിതി പരാതി നൽകി.
കണ്ണൂർ സർവ്വകലാശാലയിൽ യുജിസിയുടെ എച്ച്.ആർ.ഡി സെൻററിൽ പുതുതായി സൃഷ്ടിച്ച അസി. പ്രൊഫസ്സറുടെ സ്ഥിരം തസ്തികയിലേയ്ക്ക് ഏപ്രിൽ പതിനാറിന് ഓൺലൈനായി ഇൻറർവ്യൂ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് അപേക്ഷകരായ മുപ്പത് പേർക്ക് കഴിഞ്ഞ ദിവസം ഇമെയിൽ ആയി അയച്ചു. അതേ സെന്‍ററിലെ തസ്തികകളെല്ലാം യുജിസി വ്യവസ്ഥയനുസരിച്ച് താൽക്കാലികമാണെങ്കിലും അസിസ്റ്റന്‍റ് പ്രൊഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സർക്കാർ കണ്ണൂർ സർവകലാശാലയ്ക്ക് മാത്രമായി പ്രത്യേക അനുമതി നൽകിയിരിക്കുകയാണ്.
കഴിഞ്ഞ 2020 ജൂൺ 30 നാണ് നിയമനത്തിനുള്ള വിജ്ഞാപനം സർവകലാശാല പുറപ്പെടുവിച്ചത്. ഡയറക്ടറുടെ തസ്തികയിൽ നിയമനം നടത്താതെയാണ് അസിസ്റ്റൻറ് ഡയറക്ടറുടെ നിയമനം മാത്രമായി തിരക്കിട്ട് നടത്തുന്നത്. ബാഹ്യ സമ്മർദ്ദത്തിനു വഴങ്ങിയാണ് വിസി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനുമുമ്പ് ഓൺലൈനായി ഇൻറർവ്യൂ നടത്താന്‍ നിർബന്ധിതനായതെന്നാണ് ആക്ഷേപം.
ഷംസീറിന്‍റെ ഭാര്യയെ കൂടി കട്ട് ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്‍റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയിന്‍റ് കുറച്ച് നിശ്ചയിച്ചതായും ആരോപണമുണ്ട്. ഇന്‍റർവ്യൂവിൽ അക്കാഡമിക് മെരിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാനാവുമെന്നത് കൊണ്ടാണ് സ്കോർ പോയിൻറ് കുറച്ച് തീരുമാനിച്ചത്. ഇന്റർവ്യൂ വിൽ ഹാജരാവുന്ന ആരെയും കൂടുതൽ മാർക്ക് നൽകി നിയമിക്കാനാവുമെന്നതാണ് അടുത്തയിടെ കാലിക്കറ്റ്,സംസ്കൃത,മലയാളം സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ ഏറെ വിവാദമാക്കിയത് . ഒറ്റ തസ്തികയ്ക്ക് മുപ്പത് പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാർക്കിനുള്ളിൽപെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്.
പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ നിയമനം നടത്തുന്നത് തടയണമെന്നും മതിയായ ദിവസങ്ങൾ നോട്ടീസ് നൽകാതെ തിരക്കിട്ട് ഓൺലൈനായി നടത്തുന്ന ഇന്റർവ്യൂ നിർത്തിവെക്കണമെന്നു മാവശ്യപ്പെട്ടാണ് ഗവർണർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും സേവ് യൂണിവേഴ്സിറ്റി സമിതി പരാതി നൽകിയിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10