തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെ ജോലിയില്‍ നിന്ന് മാറ്റി നിറുത്തി. ബന്ധുക്കള്‍ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘം ഇന്നലെ ആശുപത്രി സന്ദര്‍ശിച്ചു.
ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറും തിരുവനന്തപുരം ഡി.എം.ഒയുമായ ഡോ. ബിന്ദു മോഹന്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ ഇ. രാജേന്ദ്രന്‍, ഡോ.കെ. സന്ദീപ്, തിരുവനന്തപുരം ജനറല്‍ ആശുപത്രി ജനറല്‍ മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. നീമ പി. കാര്‍ത്തികേയന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. എസ്. പ്രിയ, തിരുവനന്തപുരം ജില്ല ആര്‍ദ്രം കോഓര്‍ഡിനേറ്റര്‍ ഡോ. സൂരജ് എന്നിവരടങ്ങുന്ന സംഘം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു.
നെയ്യാറ്റിന്‍കരയില്‍ രോഗി മരിച്ച സംഭവം: സെക്യൂരിറ്റി ജീവനക്കാരനെ ജോലിയില്‍ നിന്ന് മാറ്റി