കള്ളാടി മണ്ണിടിച്ചിൽ: കാണാതായ അവസാന വ്യക്തിയുടെയും മൃതദേഹം കണ്ടെത്തി; മരണം എട്ടായി
വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാന വ്യക്തിയുടെയും മൃതദേഹം കണ്ടെത്തി. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.
രണ്ടാം സോണും പുഴ കേന്ദ്രീകരിച്ചും നടത്തിയ തിരച്ചിലിനിടെയാണ് വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. മീനാക്ഷിപ്പാലത്തിന് ഏകദേശം 200 മീറ്റർ അകലെയുള്ള ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മണ്ണിടിച്ചിലിനെ തുടർന്ന് അഞ്ച് പേരെയായിരുന്നു കാണാതായിരുന്നത്. തിരച്ചിലിന്റെ മൂന്നാം ദിവസം മുതലാണ് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ആരംഭിച്ചത്. വിക്രം റാണയ്ക്കായുള്ള തിരച്ചിൽ പ്രത്യേകമായി ഊർജിതമാക്കിയിരുന്നു.
അതേസമയം, കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ യഥാർഥ കാരണം കണ്ടെത്തുക, നിർമാണ കരാറുകാർ കരാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ.
ഭൗമശാസ്ത്രജ്ഞൻ ഡോ. സി.പി. രാജേന്ദ്രൻ അധ്യക്ഷനായ സമിതിയിൽ ജിയോളജിസ്റ്റ് ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.
വരും ദിവസങ്ങളിൽ സമിതി ദുരന്തബാധിത പ്രദേശം സന്ദർശിച്ച് വിവരശേഖരണം നടത്തും. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് സർക്കാർ ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.