'നഷ്ടപരിഹാരം 21 ലക്ഷമാക്കും'; വന്യജീവി ആക്രമണങ്ങളില്‍ ആശ്വാസനടപടിയുമായി വനംവകുപ്പ്
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക 21 ലക്ഷം രൂപയാക്കി വർധിപ്പിക്കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. നിലവിൽ 14 ലക്ഷം രൂപയാണ് ഇതിനായി നൽകുന്നത്. ഈ വർഷം നഷ്ടപരിഹാരം 17.5 ലക്ഷം രൂപയാക്കി ഉയർത്തുമെന്നും, ഒരു വർഷത്തിനുള്ളിൽ ഇത് 21 ലക്ഷം രൂപയായി വർധിപ്പിക്കുമെന്നുമാണ് സർക്കാർ തീരുമാനം. ഇതിൽ കേന്ദ്രസർക്കാർ വിഹിതമായ 10 ലക്ഷം രൂപയും ഉൾപ്പെടും.
2024-ൽ കേന്ദ്രസർക്കാർ ധനസഹായം 10 ലക്ഷമായി വർധിപ്പിച്ചിരുന്നെങ്കിലും, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 8.67 കോടി രൂപ മാത്രമാണ് ആകെ അനുവദിച്ചത്. ബാക്കി തുക സംസ്ഥാനമാണ് വഹിക്കുന്നത്. ഫണ്ട് ലഭ്യതയിലെ ഈ പ്രതിസന്ധി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവുമായി നടത്തിയ ചർച്ചയിൽ മന്ത്രി ഷിബു ബേബി ജോൺ ഉന്നയിച്ചു. വിഷയത്തിൽ അനുകൂലമായ പ്രതികരണമാണ് കേന്ദ്രത്തിൽ നിന്നുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്കും കൃഷിനാശം സംഭവിക്കുന്നവർക്കും നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ പദ്ധതിയായ ആർഡബ്ല്യുവിസിഐഎസിൽ (RWVCIS) വന്യജീവി ആക്രമണങ്ങൾ മൂലമുണ്ടാകുന്ന നഷ്ടപരിഹാരവും ഉൾപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും, നാടൻ കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിന്നും ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റി എണ്ണം നിയന്ത്രിക്കാൻ സംസ്ഥാനത്തിന് അധികാരം നൽകണമെന്നും കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ജനവാസമേഖലയിൽ ഭീഷണിയാകുന്ന, എണ്ണത്തിൽ കൂടുതലുള്ള കടുവകളെ മറ്റ് സംസ്ഥാനങ്ങളിലെ സങ്കേതങ്ങളിലേക്ക് മാറ്റുന്ന കാര്യവും ചർച്ചയായിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.