തോൽവി പഠിക്കാൻ സിപിഎം; അനുഭാവികളോട് തോൽവി വിശദീകരിക്കാൻ 'ബ്രാഞ്ച് ജനറൽ ബോഡി' ജൂലൈ 1 മുതൽ
തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്ന് പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനും തോൽവിയുടെ കാരണങ്ങൾ താഴെത്തട്ടിൽ ചർച്ച ചെയ്യാനും സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ‘ബ്രാഞ്ച് ജനറൽ ബോഡി’ എന്ന പേരിൽ ബ്രാഞ്ച് തലങ്ങളിൽ യോഗങ്ങൾ വിളിച്ചുചേർക്കാൻ പാർട്ടി തീരുമാനിച്ചു. ജൂലൈ 1-ന് തുടങ്ങി 15-നകം പൂർത്തീകരിക്കുന്ന രീതിയിലാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സാധാരണ പാർട്ടി അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താറുള്ള റിപ്പോർട്ടിംഗിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ പാർട്ടി അനുഭാവികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിവ്യൂ റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപമായിരിക്കും ഈ യോഗങ്ങളിൽ അവതരിപ്പിക്കുക. തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടി കണ്ടെത്തിയ കാര്യങ്ങൾ വിശദീകരിക്കുന്നതിനൊപ്പം, അനുഭാവികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേതൃത്വം നേരിട്ട് കേൾക്കും. ലോക്കൽ, ഏരിയ തലങ്ങളിലെ നേതാക്കളാണ് ഇതിന് നേതൃത്വം നൽകുക. യോഗത്തിൽ ഉയരുന്ന അഭിപ്രായങ്ങൾ അപ്പടി സംസ്ഥാന നേതൃത്വത്തെ അറിയിക്കും.
ഈ നടപടികൾക്ക് ശേഷം ഓഗസ്റ്റിൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് അന്തിമ തിരുത്തൽ നടപടികൾക്ക് രൂപം നൽകും. ഇതിനു മുന്നോടിയായി ഈ മാസം 20-നകം ലോക്കൽ ജനറൽ ബോഡികളും വിളിച്ചുചേർക്കും. ബ്രാഞ്ച് യോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ലോക്കൽ ജനറൽ ബോഡികൾ പാർട്ടി അംഗങ്ങൾക്ക് മാത്രമായാണ് ചേരുന്നത്. ഇതിനൊപ്പം ജൂൺ 13-നകം ജില്ലാ കമ്മിറ്റികളിലെ റിപ്പോർട്ടിംഗും, ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ചുള്ള പ്രത്യേക റിപ്പോർട്ടിംഗും പൂർത്തിയാക്കാനും പാർട്ടി സംസ്ഥാന കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.