തിങ്കളാഴ്ച നടക്കാനിരിക്കുന്ന എൽഡിഎഫ് യോഗത്തിന് മുന്നോടിയായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവി വേണമെന്ന ആവശ്യത്തിൽ ഇടതുമുന്നണി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്. പദവിയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. മുന്നണി യോഗത്തിലും ഇതേ നിലപാട് ആവർത്തിക്കണമെന്ന് സെക്രട്ടറിയേറ്റിലും ആവശ്യമുയരാനാണ് സാധ്യത. ഉപനേതൃപദവി ലഭിച്ചില്ലെങ്കിൽ നിയമസഭയിൽ മുന്നണിയുമായി ഒറ്റക്കെട്ടായി നീങ്ങേണ്ടതില്ലെന്ന കടുത്ത നിലപാടിലേക്ക് പോകണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ശക്തമാണ്.
അതേസമയം, പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കങ്ങൾക്ക് സ്ഥാനമില്ലെന്നും ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. മുന്നണിയിലെ പഴയ കീഴ്‌വഴക്കങ്ങൾ ചൂണ്ടിക്കാട്ടി ഈ ആവശ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും സാധിക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കീഴ്‌വഴക്കങ്ങളേക്കാൾ രാഷ്ട്രീയ നിലപാടുകൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.