രാജ്യത്തെയാകെ പ്രതിസന്ധിയിലാക്കിയ നോട്ട് നിരോധനത്തിന് 3 വര്‍ഷം

Jaihind News Bureau
Friday, November 8, 2019

രാജ്യത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഇന്ന് മൂന്നു വർഷം തികയുന്നു. കള്ളപ്പണം തടയാൻ ഒന്നാം മോദി സർക്കാർ കൈക്കൊണ്ട നടപടി വൻവിജയമെന്ന് ബിജെപി അവകാശപ്പെടുമ്പോൾ, അവ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് രാജ്യത്തിൻറെ സാമ്പത്തികമേഖല ഇതുവരെ കരകയറിയിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ദർ കുറ്റപ്പെടുത്തുന്നത്. നോട്ട് നിരോധനത്തിന് ശേഷം ബാങ്ക് നിക്ഷേപങ്ങളിൽ വന്‍തോതില്‍ കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല ജനങ്ങൾക്കിടയില്‍ ബാങ്കിൽ നിന്നു പണം പിൻവലിച്ച് കൈവശം സൂക്ഷിക്കാനുള്ള പ്രവണത കൂടിയതായും സർക്കാരിന്‍റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിപണിയിലേയ്ക്ക് പണമിറക്കാനുള്ള പൊതുസമൂഹത്തിന്‍റെ വിമുഖത സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടുന്നതായി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്‍റെ ദേശീയ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്കുകള്‍ ഉദ്ധരിച്ച് വിദഗ്ദ്ധര്‍ പറയുന്നു.

രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി കള്ളപ്പണം തടയാനായി ഒരു സർക്കാർ സ്വീകരിച്ച ഏറ്റവും ശക്തമായ നടപടിയെന്ന് മോദി അനുകൂലികൾ നോട്ട് നിരോധനത്തെ പുകഴ്ത്തുമ്പോഴും നിരോധിക്കപ്പെട്ട കറന്‍സിയുടെ 99 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതോടെ നോട്ട് നിരോധനം പരാജയമാണെന്ന ശക്തമായ വിമർശനം ഉയർന്നു. നോട്ട് നിരോധനം ഭീകരവാദത്തെ തുടച്ചുനീക്കുമെന്ന പ്രസ്താവനയും അടിസ്ഥാനരഹിതമായി. കഴിഞ്ഞ മൂന്നുവർഷത്തിനിടെ രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങളിൽ കാര്യമായ കുറവൊന്നും തന്നെ ഉണ്ടായില്ല.

ഇതിനിടെ രാജ്യം കഴിഞ്ഞ 70 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്ന കണക്കുകൾ നിത്യേന നിരത്തുകയാണ് പ്രതിപക്ഷം. മൻമോഹൻ സിങ്ങ് ഉൾപ്പടെയുള്ള സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായങ്ങൾ ചെവികൊള്ളാത്തതും മോദി സർക്കാരിന്‍റെ അപക്വമായ തീരുമാനങ്ങൾക്ക് കാരണമാകുന്നു.