കൊവിഡ് -19 : സമ്പൂർണ കേന്ദ്ര മന്ത്രി സഭ യോഗം ഇന്ന്; ലോക് ഡൗൺ നീട്ടുന്ന കാര്യം ചർച്ച ചെയ്യും

Jaihind News Bureau
Friday, April 10, 2020

രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ സമ്പൂർണ കേന്ദ്ര മന്ത്രി സഭ യോഗം ഇന്ന്. ഏപ്രിൽ 14 ന് ശേഷം ലോക് ഡൗൺ നീട്ടുന്ന കാര്യം കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യും. രാജ്യത്തെ പൊതു സാഹചര്യം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ചർച്ചയിൽ ഉയരും.

24 മണിക്കൂറിനിടയിൽ രാജ്യത്ത് 20 പുതിയ കൊവിഡ് മരണങ്ങളും, 591 പുതിയ കൊവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 169 ഉം രോഗ ബാധിതരുടെ എണ്ണം 5865 ആയി ഉയർന്നു. ഡൽഹിയിൽ മൂന്ന് ക്യാൻസർ രോഗികളിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ കർശന നിയന്ത്രണം തുടരുകയാണ്. മുംബൈയിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. ഡൽഹിയിൽ സീൽ ചെയ്ത ഇരുപതോളം ഹോട്ട് സ്പോട്ടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് പുനരാരംഭിക്കും.