‘എല്ലാം പി.ആര്‍ തള്ളുകള്‍’; കൊവിഡില്‍ കേരള മാതൃക പരാജയം; പൊളിച്ചടുക്കി ബി.ബി.സി

Jaihind News Bureau
Tuesday, July 21, 2020

 

കൊവിഡിന്‍റെ തുടക്കത്തില്‍ തന്നെ രോഗത്തെ പ്രതിരോധിക്കുന്നതില്‍ ഒന്നാം സ്ഥാനത്തെന്ന മട്ടില്‍ കേരളം നടത്തിയ പ്രചാരണങ്ങളെ പൊളിച്ചടുക്കി ബി.ബി.സി റിപ്പോർട്ട്. കേരളത്തിന്‍റെ വിജയാഘോഷം ഇല്ലാതായത് എങ്ങനെ എന്ന് വിശദീകരിക്കുകയാണ് രാജ്യാന്തര മാധ്യമമായ ബി.ബി.സി. ‘ഇന്ത്യ കൊറോണ വൈറസ്: ഹൗ കേരളാസ് കോവിഡ് ‘സക്‌സസ് സ്‌റ്റോറി’ കെയിം അണ്‍ഡണ്‍’ എന്ന തലക്കെട്ടിലെഴുതിയ റിപ്പോർട്ടിലാണ് കേരളത്തിന്‍റെ പൊള്ളയായ അവകാശവാദങ്ങളെ ബി.ബി.സി തുറന്നുകാട്ടുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ സർക്കാരിന് കടുത്ത വീഴ്ചകള്‍ സംഭവിച്ചുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലടക്കം കൊറോണ വ്യാപനവും മരണവും കുറയുമ്പോള്‍ കേരളത്തിലെ രോഗവ്യാപനം വർധിക്കുന്നതാണ് ഓരോ ദിവസത്തെ കണക്കിലൂടെയും വ്യക്തമാകുന്നത്. കുറഞ്ഞ അളവിലുള്ള പരിശോധനയും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും കൃത്യമല്ലാത്ത ഏകോപനമില്ലായ്മയും ഇതിന് കാരണമാണ്. സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച ആരോഗ്യപ്രവര്‍ത്തകർ കൂട്ടത്തോടെ ക്വാറന്‍റൈനിലാകുന്ന അവസ്ഥ സൃഷ്ടിച്ചു. മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൊറോണ പടരുകയാണ്. ആരോഗ്യപ്രവര്‍ത്തകർക്കുപോലും വേണ്ടത്ര സുരക്ഷയൊരുക്കാന്‍ സർക്കാരിനാകുന്നില്ല. അടുത്ത ദിവസങ്ങളിലായി 120 ആരോഗ്യ പ്രവർത്തകർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചിരിക്കുന്നത്. ഡോക്ടർമാരുള്‍പ്പെടെ 350 ല്‍ അധികം ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. രോഗികളുടെ എണ്ണം 10,000 കവിഞ്ഞതോടെ 1.38 ലക്ഷം കിടക്കകളുണ്ടെന്ന് സർക്കാർ പറഞ്ഞത് കള്ളമാണെന്നും വ്യക്തമായിരിക്കുകയാണ്.

ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഏർപ്പെടുത്തിയിട്ട് പോലും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണെന്നത് സംസ്ഥാനത്തിന് തന്നെ അപമാനകരമാണെന്ന് മുഖ്യമന്ത്രിയും സമ്മതിക്കുന്നു. കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ കൊവിഡ് പരക്കെ വ്യാപിച്ചുകഴിഞ്ഞപ്പോള്‍ നിവര്‍ത്തിയില്ലാതെ സര്‍ക്കാര്‍ സാമൂഹിക വ്യാപനമുണ്ടെന്ന് ഇന്ത്യയില്‍ ആദ്യമായി സമ്മതിക്കുകയും ചെയ്തു. കേരളത്തില്‍ യഥാര്‍ത്ഥത്തിലുള്ള കോവിഡ് വ്യാപനം ഇപ്പോഴാണ് നടക്കുന്നത്. തുടക്കത്തില്‍ ഇതിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് അത് കൈവിട്ടുപോയി എന്നാണ് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ടുള്ള ബി.ബി.സിയുടെ റിപ്പോര്‍ട്ട്. പൂന്തുറ ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. ഇവിടെ അവശ്യസാധനങ്ങള്‍ക്ക് പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സർക്കാർ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന പരാതി ഇവിടെ വ്യാപകമാണ്. പൂന്തുറയില്‍ കമാന്‍ഡോകളെ ഉള്‍പ്പെടെ ഇറക്കി ലോക്ക്ഡൌണ്‍ കർക്കശമാക്കി. എന്നാല്‍ പുറത്തിറങ്ങാന്‍ പോലുമാകാതെ വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്നതില്‍ സർക്കാരിന് വലിയ വീഴച സംഭവിച്ചതായി പ്രദേശവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ജനുവരി മാസത്തില്‍ വുഹാനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് കൊവിഡ് കണ്ടെത്തിയതോടെയാണ് ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് രോഗി കേരളത്തിലാണെന്നതും വാര്‍ത്തയായിരുന്നു. മാര്‍ച്ച് മാസം ആയതോടുകൂടി ഇന്ത്യയില്‍ ഉടനീളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി. കേരളത്തില്‍ കൊവിഡിനെ വലിയ തോതില്‍ പ്രതിരോധിച്ചുവെന്ന വാര്‍ത്തകള്‍ മാര്‍ച്ച് മാസത്തോടെ വന്നുതുടങ്ങി. വൈറസിനെ തുരത്തുന്നതില്‍ കേരളം അത്ഭുതം സൃഷ്ടിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ ആഘോഷങ്ങള്‍ കാലംതെറ്റിയുള്ളതായിരുന്നു. തുടക്കത്തില്‍ 110 ദിവസത്തിനുള്ളിലാണ് ആയിരം കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇപ്പോഴത് പ്രതിദിനം 800 കേസുകള്‍ വരെ എത്തി നില്‍ക്കുന്നു. 1,70,000 ത്തില് ഏറെ ആളുകള്‍ ആശുപത്രികളിലും വീടുകളിലും ക്വാറന്‍റൈനിലാണ്. വിദേശത്ത് നിന്നും വരുന്ന പ്രവാസികളിൽ നിന്നാണ് കൊവിഡ് പടരുന്നതെന്നായിരുന്നു സർക്കാരിന്‍റെ പ്രധാന വാദം. സമ്പർക്ക രോഗികള്‍ കൂടുന്നതും ഉറവിടം പോലും കണ്ടെത്താനാകാത്ത കേസുകള്‍ വർധിക്കുന്നതും ടെസ്റ്റുകളും ക്വാറന്‍റൈനും ഉള്‍പ്പെടെയുള്ള സർക്കാർ സംവിധാനങ്ങള്‍ പാളി എന്നത് സാക്ഷ്യപ്പെടുത്തുന്നു. അതായത് സര്‍ക്കാരിന്‍റെ പ്രതിരോധം പി.ആർ വർക്കില്‍ മാത്രം ഒതുങ്ങി എന്നതായിരുന്നു വസ്തുത.

രോഗവ്യാപനത്തിന് മുമ്പുതന്നെ രോഗത്തെ തുരത്തിയോടിച്ചുവെന്നായിരുന്നു സര്‍ക്കാരിന്‍റെ അവകാശവാദം. ഇത്തരത്തില്‍വ്യാപകമായ പ്രചരണമാണ് സർക്കാർ നടത്തിയത്. സി.പി.എം സൈബർ പോരാളികളും കഥയറിയാതെ ആട്ടം കാണല്‍ ആഘോഷമാക്കിയപ്പോള്‍ സംസ്ഥാനത്ത് രൂക്ഷമായ കൊവിഡിന്‍റെ യഥാർത്ഥ ചിത്രം മറയുകയായിരുന്നു. എന്നാലിപ്പോള്‍ സംസ്ഥാനത്ത് കൊവിഡ് വേരോടിയതിന്‍റെ  യാഥാർത്ഥ്യം ഓരോ ദിവസത്തെയും കണക്കുകളായി പുറത്തുവരുമ്പോള്‍ സർക്കാരിന്‍റെ പി.ആര്‍ വർക്കുകളുടെയും മുനയൊടിയുന്നു. ഒരുദിവസം കൊണ്ട് രോഗത്തെ തുരത്താനാകില്ല അത് ദീര്‍ഘവും കഠിനവുമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ നേടാന്‍ കഴിയുള്ളൂവെന്ന യാഥാർത്ഥ്യം നിലനില്‍ക്കെ കേരളം നടത്തിയത് അപക്വവും അസമയത്തുള്ളതുമായ അവകാശ വാദങ്ങളായിരുന്നുവെന്നാണ് ബി.ബി.സി പറഞ്ഞുവെക്കുന്നത്.