K.C VENUGOPAL| പ്രധാനമന്ത്രി റദ്ദാക്കിയ പരിപാടി പോലും വീണ്ടും നടത്തിയ ഇഛാശക്തി:  ലീഡറെക്കുറിച്ച് അനുഭവക്കുറിപ്പുമായി കെ.സി.വേണുഗോപാല്‍

Jaihind News Bureau
Saturday, July 5, 2025

ലീഡര്‍ കെ.കരുണാകരന്റെ ജന്മദിനത്തില്‍ വൈകാരികമായ അനുഭവക്കുറിപ്പ് പങ്കുവെച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചേര്‍ത്തു നിര്‍ത്തുന്നതിനും അവരുടെ അത്മവിശ്വാസം ചോരാതിരിക്കുന്നതിനും ലീഡര്‍ കെ.കരുണാകരന്‍ എടുത്ത ആര്‍ജ്ജവമുള്ള നിലപാടുകളും നടപടികളും ഓര്‍ത്തെടുക്കുന്നതാണ് കെ.സി.വേണുഗോപാലിന്റെ പോസ്റ്റ്.

കെ.സി.വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് വര്‍ഗീയതക്കെതിരെ യുവസാഗരം എന്ന പേരില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ അന്നത്തെ പ്രധാനമന്ത്രി പി.വി.നരംസിംഹ റാവുവിനെ പങ്കെടുപ്പിക്കുന്നതില്‍ ലീഡര്‍ കെ.കരുണാകരന്‍ നടത്തിയ ഇടപെടലുകളാണ് പോസ്റ്റിന്റെ ഉള്ളടക്കം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുകയും ആ ആഗ്രഹം ലീഡറെ ധരിപ്പിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം അനുമതി വാങ്ങി നല്‍കിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നരംസിംഹ റാവുവിന്റെ ഓഫീസ് പരിപാടി റദ്ദാക്കാന്‍ നിശ്ചയിച്ചപ്പോള്‍ കരുണാകരന്‍ നടത്തിയ ഇടപെടലുകളെ നന്ദിയോടെ ഓര്‍ത്തെടുക്കുകയാണ് വേണുഗോപാല്‍. കനത്ത മഴയും റോഡുകളില്‍ വെള്ളക്കെട്ടും ബ്ലോക്കുമാണെന്നും പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ എത്തിച്ചേരാന്‍ കഴിയില്ലെന്നും അതിനാല്‍ പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നത് റിസ്‌കാണെന്നും മുന്‍ ഡിജിപി ടിവി മധുസൂദന്‍ ഉള്‍പ്പെടെ നിലപാടെടുത്തു. പ്രധാനമന്ത്രി വന്നില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തിനും പ്രതീക്ഷയ്ക്കും പോറല്‍ ഏല്‍ക്കുമെന്ന് തിരിച്ചറിഞ്ഞ ലീഡര്‍ കരുണാകരന്‍ പരിപാടിയിലേക്ക് നരംസിംഹ റാവുവിനെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പങ്കെടുപ്പിക്കാന്‍ കാട്ടിയ ധീരതയെയാണ് കെസി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടുന്നത്.